വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തൃഷ നായികയാകുക.

വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്ന സിനിമയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'എകെ 62' എന്നാണ് അജിത് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. എച്ച് വിനോദിന്റെ 'തുനിവ്' എന്ന ചിത്രത്തിന്റെ റിലീസിനു ശേഷമാകും 'എകെ 62'ന്റെ ജോലികള്‍ തുടങ്ങുക. ഇപ്പോഴിതാ 'എകെ 62'ലെ നായികയെ കുറിച്ചുള്ള അപ‍്‍ഡേറ്റാണ് പുറത്തുവരുന്നത്.

തൃഷ അജിത്തിന്റെ നായികയായി പുതിയ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് വാര്‍ത്ത. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം 'യെന്നൈ അറിന്താലി'ല്‍ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

മഞ്‍ജു വാര്യരാണ് 'തുനിവ്' എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുക. പൊങ്കല്‍ റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ റീലീസ് ചെയ്യുക. നെറ്റ്ഫ്ലിക്സ് ആണ് ഒടിടി പാര്‍ട്‍ണര്‍. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ സംവിധാനത്തിലുള്ള ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More: 'ദളപതി 67' 100 ശതമാനം എന്റെ സിനിമ: ലോകേഷ് കനകരാജ്