2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ റിലീസ്.

2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് 'മാളികപ്പുറം'. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങളും രസകരമായ സീനുകളും പ്രേക്ഷക പ്രതികരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടീസർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. 

കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം മാളികപ്പുറം സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 

Malikappuram Success Teaser | Vishnu Sasi Shankar | Unni Mukundan | Saiju Kurup

2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ റിലീസ്. ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കിയ തിരക്കഥ കൂടിയാണിത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ബോക്സ് ഓഫീസ് നേട്ടം കൊയ്ത് 'മാളികപ്പുറം'; ചിത്രം 100 കോടി ക്ലബ്ബിൽ