കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബോളിവുഡ് ചിത്രം ദ കശ്‍മീര്‍ ഫയല്‍സ് (The Kashmir Files). കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം വെള്ളിയാഴ്ചയായിരുന്നു പ്രദർശനത്തിനെത്തിയത്. ദേശങ്ങളും ഭാഷകളും കടന്ന് ചിത്രം വൻ ഹിറ്റാണ് സ്വന്തമാക്കുന്നത്. നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് കശ്മീർ ഫയലെന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. 

നൂറ് ശതമാനവും അതിശയകരമായ ചിത്രമാണെന്നും ഉണ്ണിമുകുന്ദൻ പറയുന്നു. പോസ്റ്റിന് താഴെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. 'ഈ സിനിമ കാണുന്നതിനിടയിൽ ഒരിക്കൽപോലും കണ്ണ് നിറയാത്തവർ മനുഷ്യന്മാർ ആവില്ല എന്നാണ് നമ്മുടെ ഒരു അഭിപ്രായം', എന്നാണ് അതിലൊരു കമന്റ്. 

ചിത്രത്തിന് തുടക്കത്തില്‍ 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ ലഭിച്ച കളക്ഷന്‍ ചിത്രം ആദ്യം നിഷേധിച്ച തിയറ്റര്‍ ഉടമകളെ ഇരുത്തി ചിന്തിപ്പിച്ചു. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ, 10.10 കോടിയും ചിത്രം നേടി. ബോളിവുഡില്‍ 2020നു ശേഷം ഒരു ചിത്രം രണ്ടാംദിനത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ഗ്രോത്ത് ആണ് ഇതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് കുറിക്കുന്നു. ശനിയാഴ്ചത്തെ കളക്ഷന്‍ വര്‍ധിച്ചതിനൊപ്പം നിരവധി തിയറ്ററുകാരാണ് ചിത്രം ആവശ്യപ്പെട്ട് വിതരണക്കാരെ സമീപിച്ചത്. ഫലം 650 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നാം ദിനമായ ഇന്ന് 2000 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി ആകെ 14.35 കോടി നേടിയ ചിത്രത്തിന്റെ ഞായറാഴ്ച കളക്ഷന്‍ എത്രയാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

Read Also; Night Drive : 'മുണ്ടുടുത്ത് കുറേ റിഹേഴ്‍സലുകൾ ചെയ്‍തു', 'അമ്മിണി അയ്യപ്പനാ'യതിനെ കുറിച്ച് ശ്രീവിദ്യ

കശ്മീരിൽ കലാപം അതിരൂക്ഷമായി മാറിയ 1990-ൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. അന്നത്തെ സാഹചര്യങ്ങളുടെ തീവ്രത എത്രത്തോളമാണെന്ന് വ്യക്തമാക്കിയ ശേഷം വർത്തമാന കാലത്തേക്ക് കഥയെത്തുന്നു. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന രംഗത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം ഒരു ശവക്കുഴിയിലാണ് അവസാനിക്കുന്നത്. അതിനിടയിലുള്ള മണിക്കൂറുകൾ പ്രേക്ഷകരുടെ മനസിനെ സിനിമ സംഘർഷഭരിതമാക്കിയെന്നും പ്രതികരണങ്ങളുണ്ട്.