ലൈ​ഗറിനായി തനിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് 6 കോടി രൂപ നിർമാതാക്കൾക്ക് കൊടുക്കാൻ വിജയ് ദേവരക്കൊണ്ട തയ്യാറായിരിക്കുന്നത്.

വിജയ് ദേവരക്കൊണ്ടയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് 'ലൈ​ഗർ'. പുരി ജ​ഗന്നാഥ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ബി​ഗ് ബജറ്റിൽ നിർമ്മിച്ച ചിത്രം രാജ്യത്തുടനീളം വിപുലമായി പ്രമോട്ട് ചെയ്തുവെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടവിധം ശോഭിക്കാൻ ​ലൈ​ഗറിന് ആയില്ല. പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് ആറ് കോടി രൂപ നഷ്ടപരിഹാ​രം നൽകാൻ വിജയ് ദേവരക്കൊണ്ട മുന്നോട്ടുവന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ലൈ​ഗറിനായി തനിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് 6 കോടി രൂപ നിർമാതാക്കൾക്ക് കൊടുക്കാൻ വിജയ് ദേവരക്കൊണ്ട തയ്യാറായിരിക്കുന്നത്. നിർമാതാവ് ചാർമി കൗറിനും മറ്റ് സഹനിർമ്മാതാക്കൾക്കും ആയിട്ടാണ് തുക കൈമാറുകയെന്ന് ബോളിവുഡ് മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബോക്‌സ് ഓഫീസ് പരാജയം മൂലം നഷ്ടം നേരിട്ട വിതരണക്കാർക്ക് സംവിധായകൻ പുരി ജഗന്നാഥ് നഷ്ടപരിഹാരം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തിയത്. ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 

വിജയ് ദേവെരകൊണ്ടയുടെ 'ലൈഗറി'ല്‍ അഭിനയിക്കാൻ മൈക്ക് ടൈണ്‍സണ്‍ വാങ്ങിച്ചത് വൻ പ്രതിഫലം

ലൈഗറിന്‍റെ പരാജയത്തിൽ വിജയ് ദേവരക്കൊണ്ടയെ വിമർശിച്ച് പ്രമുഖ തിയേറ്ററുടമയായ മനോജ് ദേശായി രം​ഗത്തെത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജയ് മേശയ്ക്ക് മുകളില്‍ കാലുകയറ്റി വച്ചതിന് ലൈഗർ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ബഹിഷ്‌കരണ ക്യാംപെയ്ന്‍ നടക്കുമ്പോള്‍ ഞങ്ങളുടെ സിനിമ ബഹിഷ്‌കരിച്ചോളൂ, എന്നാണ് വിജയ് പറഞ്ഞതെന്നും ഇതാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും മനോജ് ദേശായി ആരോപിച്ചു. പിന്നാലെ മനോജ് ദേശായിയെ വിജയ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. നടനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ മനോജ് ദേശായി ക്ഷമ ചോദിക്കുകയും ചെയ്തു.