രാഷ്ട്രീയത്തില്‍ വിജയ്‍ക്ക് ആശംസകളുമായി ലോകേഷ് കനകരാജ്: 'തമിഴക വെട്രി കഴകം' പോസ്റ്ററുമായി പിന്തുണ
തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക തമിഴ് സൂപ്പർ താരം വിജയ് അവതരിപ്പിച്ചു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്.
ചെന്നൈ: തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പർ താരം വിജയ് അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് വിജയ് തന്റെ പാർട്ടിക്കായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചെന്നൈയിൽ വിജയ് പതാക അവതരിപ്പിച്ചത്.
പതാകയേക്കുറിച്ച് വിജയ് ഇന്ന് അണികളോട് വിശദീകരിക്കും. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും വിജയ് വ്യക്തമാക്കുന്നത്. മതസൗഹാർദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളും.
തമിഴ് ഭാഷയ്ക്കായി ജീവൻ ബലി നൽകിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു. പാർട്ടി രൂപീകരിച്ച ശേഷം ആദ്യ രാഷ്ട്രീയ ചടങ്ങിലാണ് പതാക പുറത്തിറക്കിയത്.
അതേ സമയം തമിഴ് സിനിമ ലോകത്തെ പലരും വിജയിക്ക് ആശംസ നേരുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട വ്യക്തി സംവിധായകന്‍ ലോകേഷ് കനകരാജാണ്. എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ ആശംസകള്‍ വിജയ് അണ്ണാ എന്നാണ് വിജയിയെ ടാഗ് ചെയ്ത് ലോകേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററും ലോകേഷ് പങ്കുവച്ചിട്ടുണ്ട്.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കവുമായി ചേര്‍ന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാലക്രമേണ പാർട്ടി രൂപീകരണത്തിലേക്ക് എത്തിയിരുന്നു. തമിഴ്നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. തമിഴ്നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വരുന്ന സെപ്തംബര്‍ അവസാനം വിജയിയുടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമ്മേളനം നടക്കും എന്നാണ് വിവരം. വിക്രവാണ്ടിയിൽ ആയിരിക്കും സമ്മേളനം നടക്കുക എന്നാണ് വിവരം. സെപ്തംബര്‍ 5ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് എന്ന ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി ചെയ്ത് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നതാണ് ദളപതിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്.
'ചുവപ്പും മഞ്ഞയും നിറം, മഞ്ഞയിൽ ആനയും മയിലും', പാർട്ടിയുടെ പതാക അവതരിപ്പിച്ച് വിജയ്