ജയിലര്‍ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു രജനികാന്തിന്‍റെ 'കാക്ക പരുന്ത്' പരാമര്‍ശം. 

ഴിഞ്ഞ ഏതാനും ദിവസങ്ങളായി 'കാക്ക- പരുന്ത്' പരാമർശം ആണ് തമിഴ് സിനിമയിലെ ചർച്ചാ വിഷയം. ജയിലർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് ആണ് ഈ പരാമർശം നടത്തിയത്. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തുമെന്നും എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നും ആയിരുന്നു രജനികാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ തമിഴ് സിനിമയ്ക്കകത്ത് വൻതോതിൽ ചർച്ചകൾക്ക് ഇടയായി. രജനികാന്ത് പറ‍ഞ്ഞത് വിജയിയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ആരാധകർ പ്രതിഷേധിക്കാൻ തുടങ്ങി. ലിയോ ഓഡിയോ ലോഞ്ചിൽ ഇതിനുള്ള മറുപടി വിജയ് നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഓഡിയോ ലോഞ്ച് നടന്നില്ല. ഒടുവിൽ ലിയോ സക്സസ് മീറ്റിൽ രജനികാന്തിന് മറുപടി നൽകിയിരിക്കുകയാണ് വിജയ്. 

സോഷ്യൽ മീഡിയിലെ ചർച്ചകളെല്ലാം താൻ കാണുന്നുണ്ടെന്ന് പറഞ്ഞാണ് വിജയ് തുടങ്ങിയത്. എന്തിനാണ് ഇത്രയും ദേഷ്യം എന്നും അതിന്റെ ആവശ്യം തങ്ങൾക്ക് ഇല്ലെന്നും വിജയ് ആരാധകരോടായി പറയുന്നു. വീട്ടിൽ മാതാപിതാക്കൾ എന്തെങ്കിലും ചെയ്താലോ വഴക്ക് പറഞ്ഞാലോ ഒന്നും ചെയ്യില്ലല്ലോ. അതുപോലെ ഇത്തരം പരാമർശങ്ങൾ കേട്ടതായി നടിക്കേണ്ടെന്നും വിജയ് പറഞ്ഞു. ശേഷമാണ് പതിവ് ശൈലിയിൽ വിജയ് കുട്ടിക്കഥ പറയാൻ തുടങ്ങിയത്. 

"ഒരു കാട്ടിൽ രണ്ട് പേർ വേട്ടയാടാൻ പോകുകയാണ്. കാടെന്ന് പറഞ്ഞാൽ മുയൽ, പുലി, മാൻ, ആന, മയിൽ, കാക്ക, പരുന്ത് എന്നിങ്ങനെ എല്ലാ ജീവജാലങ്ങളും കാണും (കാക്ക-പരുന്ത് കേട്ടതും ആരാധകർ ​ഗംഭീര കരഘോത്തോടെയാണ് സ്വീകരിച്ചത്). ഇവിടെ വേട്ടയ്ക്ക് പോകുന്ന രണ്ട് പേരിൽ ഒരാൾ വില്ലും അമ്പും മറ്റൊരാൾ വേലും ആയാണ് പോകുന്നത്. അമ്പും വില്ലുമായി പോയ ആൾ മുയലിനെ ആണ് ലക്ഷ്യം വച്ചത്. വേൽ എടുത്ത ആൾ ആനയ്ക്കും കുറിവയ്ക്കുന്നു. എന്നാൽ ആനയ്ക്ക് നേരെയുള്ള പ്രകടനങ്ങൾ മിസ് ആയി പെയ്ക്കോണ്ടേയിരിക്കുന്നു. ശേഷം രണ്ട് പേരും നാട്ടിലേക്ക് തിരിച്ചു. ഇതിൽ ഒരാൾ വെറും കയ്യോടെയും മറ്റൊരാൾ മുയലുമായാണ് മടങ്ങുന്നത്", എന്നായിരുന്നു കുട്ടിക്കഥ.

ആരാണ് സൂപ്പർ സ്റ്റാർ ? രജനിയോ വിജയിയോ ? വിവാദത്തിൽ മറുപടിയുമായി ദളപതി !

ഇതിൽ ആരാണ് അച്ചീവർ എന്ന് ആരെങ്കിലും പറയൂ എന്ന് വിജയ് ചോദിച്ചു. തീർച്ചയായും വെറും കയ്യോടെ മടങ്ങിയ ആളാണെന്ന് വിജയ് പറയുന്നു. കാരണം, നമ്മളെ കൊണ്ട് ഈസിയായി വിജയിക്കാൻ സാധിക്കുമെന്ന് കരുതുന്നത് നേടുക എന്നത് വിജയമല്ല. പക്ഷേ എന്ത് കാര്യമാണോ നമുക്ക് ജയിക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് അതിൽ വിജയം കൈവരിക്കുന്നതാണ് വിജയം എന്ന് വിജയ് പറഞ്ഞു. ഇത് കേട്ടതും വലിയ ഹർഷാരവത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്. അതേസമയം, രജനികാന്ത് ഈ മനുഷ്യനെ കണ്ടുപഠിക്കണം എന്ന് പറ‍ഞ്ഞുകൊണ്ട് കുട്ടിക്കഥ വീഡിയോ ആരാധകർ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. വിജയിയുടെ ഈ വാക്കുകൾ അടുത്ത ഫാൻ ഫൈറ്റിന് ഇടയാക്കുമെന്ന് പറയുന്നവരും ഉണ്ട്. 

എന്താണ് കാക്ക- പരുന്ത് പരാമർശം

പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അങ്ങനെ ഒരിക്കലും ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറന്നു പോകും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. ഇത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങൾ കാണില്ല. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..