മുംബൈ: ബോളിവുഡ് നടന്‍ വിജൂ ഖോട്ടെ(77) അന്തരിച്ചു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഷോലെയിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷത്തിലൂടെ പ്രശസ്തനായ നടനാണ് വിജു ഖോട്ടെ. തിങ്കളാഴ്ച വെളുപ്പിനാണ് ഹൃദയാഘാതം മൂലം വിജൂ ഘോട്ടെ മരിച്ചത്..

കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഷോലെയിലെ 'കാലിയ'ക്ക് പുറമെ അന്ദാസ് അപ്‌ന അപ്‌നയിലെ റോബര്‍ട്ട് എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖയാമത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.

ഏറെക്കാലം മറാത്തി  നാടകവേദിയില്‍ സജീവമായി നിന്ന ശേഷമാണ് വിജൂ ഖോട്ടെ ചലച്ചിത്രരംഗത്തെത്തിയത്. ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ  ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിശബ്ദ സിനിമയുടെ കാലത്ത് സജീവമായിരുന്ന നടന്‍ നന്ദു ഖോട്ടെയുടെ മകനാണ്. നടി ശുഭ ഖോട്ടെ സഹോദരിയാണ്.