'കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം', ആ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി വിനു മോഹൻ
മോഹൻലാലടക്കമുള്ളവര്‍ ചേര്‍ന്ന ആ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിനു മോഹൻ വ്യക്തമാക്കുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലായിരുന്നു. താര സംഘടന ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സംഘടനയുടെ പ്രസിഡന്റ് മോഹൻലാലടക്കമുള്ള എല്ലാ താരങ്ങളും ഭരണസമിതിയില്‍ നിന്ന് രാജിവെച്ചെങ്കിലും ചിലര്‍ എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തില്‍ ശരിക്കും എന്താണ് നടന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയാണ് വിനു മോഹൻ.
ഓണ്‍ലൈൻ യോഗം നടന്നതിന് ശേഷമായിരുന്നു താര സംഘടന ഭരണസമിതി രാജിവയ്‍ക്കാൻ തീരുമാനിച്ചത്. രാജിവയ്‍ക്കുന്നത് വ്യക്തിപരമായി അംഗീകരിച്ചിരുന്നില്ല എന്ന് സിനിമാ നടിയും എക്സിക്യുട്ടീവ് അംഗവുമായ അനന്യ പറയുകയും ചെയ്‍തിരുന്നു. ഒരിക്കലും ഭിന്നത ഉണ്ടായിട്ടില്ല എന്ന് പറയുകയാണ് വിനു മോഹൻ. തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു എന്നും പറയുന്നു വിനു മോഹൻ.
ഒപ്പമുള്ളവരില്‍ സാമ്പത്തികപരമായും ആരോഗ്യകരമായും ബുദ്ധിമുട്ടുകളുള്ളവരുണ്ടെന്നും പറയുന്നു വിനു മോഹൻ. കൃത്യമായി അവര്‍ക്ക് കൈനീട്ടം നല്‍കേണ്ടതുണ്ട്. ഇൻഷൂറൻസ് ഒക്കെ നമ്മള്‍ നല്‍കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഒരു ആശങ്കയുണ്ട്. ഇത്രയും ആള്‍ക്കാരെ നമ്മള്‍ പ്രതിനിധീകരിക്കുന്നതാണ്. ഇത്രയും ആള്‍ക്കാരോട് മറുപടി പറയേണ്ടതുണ്ട്. ആ ആശങ്ക എനിക്ക് ഉണ്ടായിരുന്നു. ഫോണില്‍ അത് ഞാൻ സംസാരിച്ചു. പിന്നെ നമ്മുടെ ഓണ്‍ലൈൻ മീറ്റിംഗുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ആ മീറ്റിംഗിലും സംസാരിച്ചു. കൃത്യമായി മറുപടി ലഭിക്കുകയും ചെയ്‍തു. എന്തിനാണ് രാജിയെന്ന തോന്നല്‍ ഞങ്ങള്‍ക്ക് ആദ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് പെട്ടെന്ന് ഓണ്‍ലൈൻ മീറ്റിംഗുണ്ടായത്. എല്ലാവരും അഭിപ്രായങ്ങള്‍ സംസാരിക്കുകയും ചെയ്‍തിട്ടുണ്ട്. ആ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ താനടക്കം അവിടെ ഒരു ഭൂരിപക്ഷ തീരുമാനത്തിന്റെ ഭാഗമായി ഒപ്പം നില്‍ക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ ആശങ്കകള്‍ കൃത്യമായി പറയുകയും ചെയ്‍തുവെന്നും വിനു മോഹൻ വ്യക്തമാക്കുന്നു.
ഇന്നും ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. നമ്മുടെ അടുത്ത ജനറല്‍ ബോഡി വരെ അതൊക്കെ നടക്കും. യോഗത്തിനായി എല്ലാ അംഗങ്ങളെയും ഞങ്ങള്‍ക്ക് വിളിച്ച് ചേര്‍ക്കേണ്ടതുണ്ട്. സംഘടനയുടെ പരമാധികാരം ജനറല്‍ ബോഡിക്കാണ്. ഇങ്ങനെ സാഹചര്യം ഉണ്ടാകുമ്പോള്‍ അതിന് എന്താണ് നടപടി എന്നത് ജനറല്‍ ബോഡിയാണ് പറയുകയും വേണ്ടത്. ഇത്തരം ചര്‍ച്ചയിലേക്ക് പോയിട്ടുണ്ടാകുക അങ്ങനെയാണ്. സംഘടനയ്‍ക്ക് പാളിച്ചയുണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു അന്ന് ഞങ്ങള്‍. അന്ന് എല്ലാവരും തിരക്കിലായിരുന്നു. ഞങ്ങള്‍ കുറച്ചുപേരാണ് അന്ന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് നമ്മള്‍ കുറച്ച് വൈകിയത്. എന്റെ ഒരു നിലപാട് ആരോപണങ്ങള്‍ വരുമ്പോള്‍ സത്യാവസ്ഥ വ്യക്തമാകണമെന്നാണ്. തെളിയിക്കപ്പെടുമ്പോള്‍ ശിക്ഷിക്കപ്പെടുകയും വേണം. എന്താണ് സത്യാവസ്ഥ എന്നത് പുറത്തു വരികയാണ് വേണ്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. കുറ്റവാളികള്‍ അല്ലാത്തവര്‍ പക്ഷേ ആരോപണത്തില്‍ ക്രൂശിക്കപ്പെടാൻ പാടില്ല. അത് ഒരു നല്ല കാര്യമല്ലല്ലോ?. ഏത് മേഖലയിലും പ്രശ്‍നങ്ങള്‍ ഉണ്ട്. ആരോപണങ്ങള്‍ നിയമപരമായി നേരിടണം. എല്ലാ സാധ്യതകളിലൂടെ സത്യം വെളിപ്പെടണം. വ്യാജമായിട്ട് ഉള്ള സംഭവങ്ങളും തിരിച്ചറിയപ്പെടണം. രാജിവെച്ചത് ഒളിച്ചോട്ടമല്ല. സംഘടനപരമായി നമ്മള്‍ ഉത്തരം ആദ്യം പറയേണ്ടത് അംഗങ്ങളോടാണ്. അവരുടെ മറുപടിയും കേട്ടിട്ടാണ് സംഘടന പറയേണ്ട അഭിപ്രായം പുറത്തുവിടേണ്ടതെന്ന് വിനു മോഹൻ പറയുകയും ചെയ്യുന്നു.
Read More: തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു, ആകെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക