'ഞങ്ങൾ തമ്മിൽ പിരിഞ്ഞതിന്റെ കാരണം ഞാൻ എവിടെയും പറഞ്ഞിട്ടില്ല.'

താനും മുൻഭർത്താവ് അരുണുമായി വേർപിരിഞ്ഞ കാര്യം കഴിഞ്ഞ ദിവസമാണ് നടി പാർവതി വിജയ് അറിയിച്ചത്. എന്നാൽ തന്റെ വീഡിയോ വളച്ചൊടിച്ച് പലരും കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാർവതി. തങ്ങൾക്കിടയിൽ നടന്ന കാര്യം വീഡിയോ ഇടുന്നവർക്ക് അറിയില്ലെന്നും താൻ പറയാത്ത കാര്യങ്ങളാണ് പലരും പ്രചരിപ്പിക്കുന്നതെന്നും താരം പറഞ്ഞു. പുതിയ വ്ളോഗിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.

''ഞങ്ങൾ തമ്മിൽ പിരിഞ്ഞതിന്റെ കാരണം ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത് പറയാൻ ആഗ്രഹിക്കുന്നുമില്ല. എന്നോടു ചോദിച്ചിട്ടല്ല ഈ വീഡിയോ ഇടുന്നവർ പലതും പ്രചരിപ്പിക്കുന്നത്. എനിക്ക് ഒരു മോളാണ്. നാളെ അവൾ ഇതൊക്കെ കാണാൻ ഇടയായാൽ അവൾക്കു തന്നെ കൺഫ്യൂഷൻ ഉണ്ടാകില്ലേ? ഇതിൽ ഏതാണ് സംഭവിച്ചത്, എന്താണ് സത്യം എന്നൊക്കെ അവൾക്ക് തോന്നില്ലേ? അവൾ സ്കൂളിൽ പോകുമ്പോൾ കൂടെ പഠിക്കുന്നവർ ഇതേക്കുറിച്ചൊക്കെ ചേദിക്കില്ലേ?'', പാർവതി ചോദിച്ചു. 21-ാം വയസിൽ തനിക്കു സംഭവിച്ച ഒരു അബദ്ധമായിരുന്നു ആ വിവാഹമെന്നും അത് തന്റെ കുഞ്ഞിനെക്കൂടി ബാധിക്കാൻ പാടില്ലെന്നും താരം കൂട്ടിച്ചേർത്തു.

''അച്ഛന് കുട്ടിയെ വന്നു കാണാമോ, കുട്ടിക്ക് മാസം 5000 രൂപ വെച്ചാണ് കൊടുക്കേണ്ടത് എന്ന് പാർവതി പറഞ്ഞിട്ടുണ്ട്, എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വീഡിയോകളും കണ്ടു. ഇതൊക്കെ നിങ്ങളോട് ആരാണ് പറഞ്ഞത്? കുട്ടിയുടെ അച്ഛൻ അയാൾ തന്നെയാണ്. അയാളെ കാണിക്കില്ല എന്നൊന്നും ഞങ്ങളാരും പറഞ്ഞിട്ടില്ല. അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ദയവു ചെയ്ത് പ്രചരിപ്പിക്കാതിരിക്കുക.

ഞങ്ങൾ പിരിയാനുള്ള കാരണങ്ങൾ മൂന്ന് ഓപ്ഷൻസ് ഇട്ട് ഒരു ചാനൽ ചോദിച്ചിരിക്കുന്നു. ഇതിന്റെ ആവശ്യം എന്താണ്? തീരെ സംസ്കാരം ഇല്ലാത്ത രീതിയിലാണ് നിങ്ങൾ ഇതൊക്കെ കൊടുത്തിരിക്കുന്നത്. നിങ്ങൾക്ക് റീച്ച് കിട്ടാൻ മറ്റുള്ളവരുടെ ജീവിതം എന്തിനാണ് ബലിയാടാക്കുന്നത്. ഇനി ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ'', പാർവതി കൂട്ടിച്ചേർത്തു.

Read More: ആ രഹസ്യവും പുറത്ത്, ലൂസിഫറിന് ഒടിടിക്ക് കിട്ടിയതെത്ര?, പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക