പുതിയ തമിഴ് ചിത്രമായ 'കറുപ്പിലെ' പ്രകടനത്തിന് നടൻ ഇന്ദ്രൻസിന് മികച്ച പ്രശംസ ലഭിക്കുന്നു. 45 വർഷത്തെ അഭിനയ പാരമ്പര്യമുണ്ടായിട്ടും സെറ്റിൽ അദ്ദേഹം കാണിക്കുന്ന എളിമയെയും ലാളിത്യത്തെയും സഹനടി അനഘ രവി പുകഴ്ത്തി.
മലയാളത്തിന്റെ പ്രിയ നടനാണ് ഇന്ദ്രൻസ്. നാല്പത്തി അഞ്ച് വർഷത്തോളം നീണ്ട അഭിനയ ജീവിത്തിൽ ഹാസ്യതാരമായി തുടങ്ങി ഇന്ന് ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് അദ്ദേഹം. നിലവിൽ കറുപ്പ് എന്ന തമിഴ് സിനിമയാണ് ഇന്ദ്രൻസിന്റേതായി റിലീസായത്. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ അതിനിർണായക വേഷത്തിലായിരുന്നു ഇന്ദ്രൻസ് എത്തിയത്. സിനിമ തിയറ്ററിൽ എത്തിയതിന് പിന്നാലെ വൻ പ്രശംസയാണ് ഈ വേഷത്തിന് ലഭിക്കുന്നതും.

ഇപ്പോഴിതാ കറുപ്പിൽ ഇന്ദ്രൻസിന്റെ മകളുടെ വേഷം ചെയ്ത അനഘ രവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ വൈറലായി മാറിയിരിക്കുകയാണ്. കറുപ്പിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയും അനഘ പങ്കുവച്ചിട്ടുണ്ട്. വളരെ കൂളായും എളിമയോടും സാധാരണക്കാരനെ പോലെ സെറ്റിൽ ഇരിക്കുന്ന ഇന്ദ്രൻസിനയുെ വീഡിയോയിൽ കാണാം. ചില ആളുകൾ കലയിലൂടെ മാത്രമല്ല, എങ്ങനെ ഉള്ള മനുഷ്യനാണ് എന്ന നിലയിലും ആളുകളെ പ്രചോദിപ്പിക്കുമെന്ന് അനഘ പറയുന്നു
"ഈ മനോഹരവും കഴിവുറ്റതുമായ നിഷ്കളങ്കമായ വ്യക്തിയിൽ നിന്നും മനസിലാക്കിയതും പഠിച്ചതും എന്താണെന്ന് വിശദീകരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. 45 വർഷം സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ഒരു ഇതിഹാസമാണ്, എന്നിട്ടും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ലളിതവും എളിമയുള്ളതുമായ നടന്മാരിൽ ഒരാളാണ് അദ്ദേഹം. ചില ആളുകൾ നിങ്ങളെ അവരുടെ കലയിലൂടെ മാത്രമല്ല, അവർ എങ്ങനെയുള്ള മനുഷ്യനാണ് എന്നതിലൂടെയും പ്രചോദിപ്പിക്കും. എല്ലാത്തിനും നന്ദി സർ", എന്നാണ് അനഘ കുറിച്ചത്.
നടൻ കൂടിയായ ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് കറുപ്പ്. സൂര്യ നായകനായി എത്തിയ ചിത്രത്തിൽ തൃഷയാണ് നായിക വേഷം ചെയ്തത്. അനഘ, ഇന്ദ്രൻസ് എന്നിവർക്കൊപ്പം നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും പ്രധാന റോളിൽ എത്തിയിരുന്നു. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടെ ബോക്സ് ഓഫീസിലും തിളങ്ങുകയാണ്.



