നടി അനു സിത്താരയുടെ ഉമ്മുമ്മ അന്തരിച്ചു. പരാതികളില്ലാതെ സ്നേഹിച്ചും, കഥകളും പാട്ടുകളും പകർന്നുനൽകിയും, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ചാണ് ഉമ്മുമ്മ പോയതെന്നും, അടുത്ത ജന്മത്തിലും അവരുടെ പേരക്കുട്ടിയായി ജനിക്കാൻ ആഗ്രഹിക്കുന്നുവെന്നും അനു സിത്താര.
തന്റെ ഉമ്മുമ്മയുടെ വിയോഗ വിവരം പങ്കുവച്ച് നടി അനു സിത്താര. ഉമ്മ എന്നാണ് ഉമ്മുമ്മയെ വിളിക്കാറുള്ളതെന്നും കുട്ടിക്കാലം മുതലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു അവരെന്നും അനു സിത്താര പറയുന്നു. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയതെന്നും അനു സിത്താര സങ്കടം ഉള്ളിലൊതുക്കി പറയുന്നു. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ വീണ്ടും ജനിക്കണമെന്നാണ് ആഗ്രഹമെന്നും അനു പറഞ്ഞു.

അനു സിത്താരയുടെ വാക്കുകൾ ഇങ്ങനെ
എന്റെ ഉമ്മ (ഉമ്മൂമ്മ) ഇനി ഇല്ല..കുട്ടിക്കാലം മുതൽ ഉമ്മ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു. ഉമ്മ പറഞ്ഞുതന്ന കഥകളും പാടിത്തന്ന പാട്ടുകളും എല്ലാം എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിയുന്നുണ്ട്..എന്റെ അടുത്തുതന്നെ ഇരുന്ന് "മോളേ" എന്ന് വിളിക്കുന്നത് പോലെ..
എന്നും സന്തോഷവതിയായി ഇരിക്കുന്ന ഉമ്മയെയാണ് ഞാൻ കൂടുതലായും കണ്ടിട്ടുള്ളത്. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ഞങ്ങളെയൊക്കെ ഒരുപാട് സ്നേഹിച്ച്, ഒരുപാട് നല്ല ഓർമ്മകൾ ബാക്കിവെച്ച് എന്റെ ഉമ്മ പോയി..
ഇടയ്ക്ക് ഉമ്മ സുധീർ ആപ്പയുടെ അടുത്തും സുൽഫി ആപ്പയുടെ അടുത്തും ഒക്കെ പോകുമ്പോൾ, "പോകല്ലേ ഉമ്മ" എന്ന് പറഞ്ഞ് ഞാനും അനിയത്തിയും വാശി പിടിക്കുമായിരുന്നു. ഇപ്പോഴും അതുപോലെ വാശി പിടിക്കാൻ തോന്നുകയാണ്.. "ഉമ്മ പോകല്ലേ" എന്ന് പറഞ്ഞ്..
അമ്പലങ്ങളിൽ ഉത്സവ സമയത്ത് ഞങ്ങൾ പരിപാടികൾ അവതരിപ്പിക്കുമ്പോൾ, ഒരു തട്ടവുമിട്ട് ഉമ്മയ്ക്ക് വരാൻ പറ്റുന്ന അമ്പലങ്ങളിലെല്ലാം സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്ന്, പരിപാടി കാണാൻ മുൻനിരയിൽ തന്നെ സീറ്റ് പിടിച്ചിരിക്കുന്ന ഉമ്മയെ ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. ആ ഉമ്മയുടെ പേരക്കുട്ടിയായി ജനിച്ചതിനേക്കാൾ വലിയൊരു ഭാഗ്യം ഇനി എനിക്ക് കിട്ടാനില്ല.
ഒരിക്കൽ കൂടി ഉമ്മയുടെ അടുത്ത് ഇരിക്കണം.. ഉമ്മയുടെ കഥകൾ കേൾക്കണം, ഉമ്മയുടെ കവിളിൽ ഒരുപാട് ഉമ്മകൾ നൽകണം.. തമാശകൾ പറഞ്ഞ് ഉമ്മയെ ചിരിപ്പിക്കണം.. എനിക്ക് വേണ്ടി ഉമ്മ പ്രത്യേകം ഉണ്ടാക്കിത്തരുന്ന ആ ചായ കുടിക്കണം.. ഉമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം..ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എന്റെ ഉമ്മയുടെ പേരക്കുട്ടിയായി തന്നെ എനിക്ക് വീണ്ടും ജനിക്കണം..



