മുൻ ബോളിവുഡ് നടി സെലീന ജെയ്റ്റ്‌ലി, ഓസ്ട്രിയൻ ഭർത്താവ് പീറ്റർ ഹാഗുമായി വേർപിരിഞ്ഞതായും ഗാർഹിക പീഡനത്തിന് പരാതി നൽകിയതായും അറിയിച്ചു. മക്കളുടെ സംരക്ഷണവും 50 കോടി രൂപ ജീവനാംശവും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ: ഓസ്ട്രിയൻ പൗരനായ ഭർത്താവ് പീറ്റർ ഹാഗുമായി ബന്ധം വേർപ്പെടുത്തിയെന്ന് ബോളിവുഡ് മുൻ നടി സെലീന ജയ്റ്റ്ലി. ഒപ്പം പീറ്ററിനെതിരെ ഗാർഹികപീഡന പരാതിയും സെലീന നൽകിയിട്ടുണ്ട്. മുംബൈയിലെ ഫസ്റ്റ് ക്ലാസ് ജിസ്ട്രേട്ട് കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു സെലീന ജയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ച പീറ്ററെ, 'നാർസിസ്റ്റ്' എന്നാണ് സെലീന അഭിസംബോധന ചെയ്തിരിക്കുന്നത്.
തന്നോടോ മൂന്ന് കുട്ടികളോടോ സഹാനുഭൂതി ഇല്ലാത്ത ആളാണ് പീറ്ററെന്ന് പറഞ്ഞ സെലീന ജയ്റ്റ്ലി, അയാൾ മുൻകോപിയും മദ്യപാനിയുമാണെന്നും ആരോപിക്കുന്നു. 'വിവാഹ ശേഷം ജോലിക്ക് പോകാൻ അയാൾ സമ്മതിച്ചില്ല. പീഡനം സഹിക്ക വയ്യാതെയാണ് തിരികെ ഇന്ത്യയിലെത്തിയത്', എന്നും സെലീന പറയുന്നു. ഓസ്ട്രിയയിലുള്ള മക്കളുടെ സംരക്ഷണം തനിക്ക് വിട്ടുനൽകണമെന്നും ജീവനാംശമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും പീറ്റർ നൽകണമെന്നും സെലീനയുടെ പരാതിയിൽ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സെലീനയുടെ പരാതിക്ക് പിന്നാലെ പീറ്റർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം 12ന് പരിഗണിക്കും. ഓസ്ട്രിയയിലെ ബിസിനസുകാരനും ഹോട്ടൽ ഉടമയുമാണ് പീറ്റർ ഹാഗ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെലീനയുമായി ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രിയയിലെ കോടതിയിൽ പീറ്റർ ഹർജി നൽകിയിരുന്നു.
2010ൽ ആയിരുന്നു സെലീന ജയ്റ്റ്ലിയുടേയും പീറ്റർ ഹാഗിന്റെയും വിവാഹം. ശേഷം ഇവർ ഓസ്ട്രിയയിൽ സ്ഥിരതാമസമാക്കി. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്. 2001ലെ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് സെലീന. മോഡലിങ്ങിൽ സജീവമായിരുന്ന അവർ നോ എൻട്രി, അപ്‌നാ സപ്‌നാ മണി മണി, മണി ഹേ തോ ഹണി ഹേ, ഗോൽമാൽ റിട്ടേൺസ്, താങ്ക് യു തുടങ്ങി നിരവധി സിനിമകൾ നായികയും അല്ലാതെയും വേഷമിട്ടിട്ടുണ്ട്.



