നടിയുടെ പരാതിയിൽ പൊലീസ് മുബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്തെത്തിച്ചു. 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും പൊലീസാണ് തടസം നിൽക്കുന്നതെന്നും സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു
കൊച്ചി: നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്ത് എത്തിച്ചു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുബൈയിൽ വിമാനം ഇറങ്ങിയ സനൽകുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് എളമക്കര പൊലീസ് മുബൈയിലെത്തി കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിച്ചത്. ഇക്കഴിഞ്ഞ ജനുവരി മുതലാണ് നടിക്കെതിരെ സനൽകുമാര്‍ ശശിധരൻ ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്.
2019 മുതൽ നടിയുമായി പ്രണയത്തിലാണ് താനെന്നും കേരള പൊലീസാണ് തന്‍റെ പ്രണയത്തിന് തടസം നിൽക്കുന്നതെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്ന് സനൽകുമാര്‍ ശശിധരൻ പറഞ്ഞു. രണ്ടു മനുഷ്യർ തമ്മിൽ പ്രേമിക്കുന്നതിന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തേലും തടസമുണ്ടോയെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു. താൻ ഖജനാവ് കൊള്ളയടിച്ചിട്ടില്ലെന്നും താൻ മാസപ്പടി വാങ്ങിയിട്ടില്ലെന്നും ഏഴു ലക്ഷം കോടി കടമുണ്ടാക്കി വെച്ചിട്ടില്ലെന്നും സനൽകുമാര്‍ പറഞ്ഞു. ഒരു സ്ത്രീയെ സെക്സ് മാഫിയ തടവിൽ വച്ചിരിക്കുകയാണെന്നും സനൽകുമാര്‍ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് സനൽകുമാര്‍ ശശിധരനുമായി ട്രെയിൻ മാര്‍ഗം കേരളത്തിലേക്ക് പൊലീസ് സംഘം തിരിച്ചുപുറപ്പെട്ടത്. നടി നൽകിയ പരാതിയിൽ കൊച്ചി എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കേസെടുത്ത പൊലീസ് സനൽകുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് മുബൈ വിമാനത്താവളത്തിലെത്തിയ സനൽകുമാര്‍ ശശിധരനെ എമിഗ്രേഷൻ വിഭാഗം ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ തടഞ്ഞുവെക്കുകയായിരുന്നു.
നേരത്തെ, തന്നെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ പ്രതികരിച്ചിരുന്നു. കൊച്ചി പൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടി എന്നാണ് സനൽകുമാർ പറഞ്ഞിരുന്നത്. "എനിക്കെതിരെ 2022 ൽ എടുത്ത കേസിൽ അന്വേഷണം നടത്തിയിട്ടില്ല. നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ നടിയുടെയും അവരുടെ മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് അവര്‍ പറഞ്ഞതിന്‍റെ ശബ്ദരേഖ ഞാൻ പുറത്തുവിട്ടപ്പോൾ ആദ്യം അത് ആളുകളിലേക്ക് എത്താതിരിക്കാൻ ആണ് ശ്രമങ്ങൾ നടന്നത്. എന്നാൽ, അത് ജനങ്ങളിൽ എത്തി എന്ന് വന്നപ്പോൾ എനിക്കെതിരെ വീണ്ടും ഒരു കള്ളക്കേസെടുത്തു. അതിലും അവര്‍ മൊഴികൊടുത്തില്ല. പകരം മറ്റൊരു കോടതിയിൽ മജിസ്‌ട്രേറ്റ് മുൻപാകെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കൊടുത്ത മൊഴി എനിക്കെതിരെ കൊടുത്ത മൊഴിയാണെന്ന് പൊലീസ് പ്രചരിപ്പിച്ചു" എന്നാണ് സനൽകുമാര്‍ ശശിധരൻ ഫേസ്ബുക്കിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചത്.



