തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി

25 കോടി മൂല്യമുള്ള തന്‍റെ സുത്തുവകകള്‍ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന പരാതിയുമായി നടി ഗൗതമി. ശ്രീപെരുംപുതൂരില്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും ഇപ്പോള്‍ വധഭീഷണി നേരിടുകയാണെന്നും ഗൗതമിയുടെ പരാതിയിലുണ്ട്. ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്‍റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനം ഉള്‍പ്പെടെയുള്ള ചെലവുകളും മുന്നില്‍ക്കണ്ടാണ് സ്ഥലം വില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഗൗതമി പരാതിയില്‍ വിശദീകരിക്കുന്നു. 46 ഏക്കര്‍ വരുന്ന സ്ഥലം വിറ്റുതരാമെന്ന് അറിയിച്ച് അഴകപ്പന്‍ എന്ന കെട്ടിട നിര്‍മ്മാതാവും ഭാര്യയും തന്നെ സമീപിക്കുകയായിരുന്നെന്ന് ഗൗതമി പറയുന്നു. വിശ്വസനീയതയോടെ പെരുമാറിയിരുന്ന അവര്‍ക്ക് താന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നുവെന്നും. എന്നാല്‍ വ്യാജ രേഖകളും തന്‍റെ ഒപ്പും ഉപയോഗിച്ച് അവര്‍ 25 കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തിരിക്കുകയാണെന്ന് ഗൗതമി ആരോപിക്കുന്നു. ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചത് പ്രകാരം നാല് തരത്തിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഗൗതമി പറയുന്നു.

തട്ടിപ്പ് നടത്തിയ അഴകപ്പന്‍ രാഷ്ട്രീയ ഗുണ്ടകളുടെ സഹായത്തോടെ തന്നെയും മകള്‍ സുബ്ബുലക്ഷ്മിയെയും ഭീഷണിപ്പെടുത്തുകയാണെന്നും വധഭീഷണിയടക്കം ലഭിക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ഇത് മകളുടെ പഠനത്തെയടക്കം സാരമായി ബാധിക്കുന്നുവെന്നും. വിഷയത്തില്‍ ഇടപെട്ട് നഷ്ടപ്പെട്ട ഭൂമി തിരികെ വാങ്ങിനല്‍കാന്‍ പൊലീസ് ഇടപെടണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നുമാണ് ഗൗതമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. 

എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും സിനിമയില്‍ സജീവമായിരുന്ന ഗൗതമി തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. കമല്‍ ഹാസന്‍റെ മുന്‍ പങ്കാളിയായ ഗൗതമി കാന്‍സര്‍ സര്‍വൈവറുമാണ്. തുപ്പരിവാളന്‍ 2 ആണ് അവരുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

ALSO READ : 11 മാസത്തെ കഠിനാധ്വാനം; 'മാളികപ്പുറം' ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ