"അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ്.."

കഴിഞ്ഞ ദിവസമായിരുന്നു മലയാളം സീരിയല്‍ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തി സംവിധായകന്‍ ആദിത്യന്‍ വിട വാങ്ങിയത്. ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച നിരവധി സീരിയലുകള്‍ ഒരുക്കിയിട്ടുള്ള ആദിത്യന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തിരുന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ സാന്ത്വനം പരമ്പരയായിരുന്നു. പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന തമിഴ് പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. പല താരങ്ങളെയും കൈപിടിച്ചുകൊണ്ടുവന്ന സംവിധായകനായിരുന്നു ആദിത്യന്‍. അതുകൊണ്ടുതന്നെ നിരവധിയാളുകളാണ് ആദിത്യന്റെ വിയോഗത്തെപ്പറ്റി പോസ്റ്റുകളിടുന്നത്. അത്തരത്തില്‍ സാന്ത്വനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോപികാ അനിലിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈകാരികമായ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തന്നെ താനാക്കി മാറ്റിയ ആദിത്യന് തന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലിയാണ് ഗോപിക അര്‍പ്പിക്കുന്നത്. ഇത്രയും ജനങ്ങള്‍ക്ക് മുന്നിലേക്ക് തന്നെ അഞ്ജലിയാക്കിയെടുത്തത് ആദിത്യന്‍ സാറാണെന്നും ഇത്ര ക്രിയേറ്റീവായി പരമ്പര മുന്നോട്ട് കൊണ്ടുപോയത്, ആദിത്യനെന്ന ഒരാളുടെ മിടുക്കാണെന്നും മറ്റുമാണ് അഞ്ജലി പറയുന്നത്.

അഞ്ജലിയുടെ കുറിപ്പ്

''ഗോപിക അനില്‍ എന്ന വ്യക്തിയെ അഞ്ജലി എന്ന രീതിയില്‍ ഇത്രയും ജനകീയയാക്കി മാറ്റിയത്, കുടുംബ പ്രേക്ഷകര്‍ക്ക് ഇത്രയും ഇഷ്ടമുള്ള ഒരാള്‍ ആക്കി മാറ്റിയത് സാന്ത്വനം എന്ന സീരിയല്‍ ആണ്. അതിന്റെ കഥയാണ്. അതിലെ കഥാപാത്രമാണ്. അത് അവതരിപ്പിച്ച രീതിയാണ്. അതിന്റെ ഫുള്‍ ക്രെഡിറ്റ് ആദിത്യന്‍ സാറിനാണ്.

അദ്ദേഹം പലപ്പോഴും സെറ്റില്‍ ഈ സാന്ത്വനം എന്ന സീരിയല്‍ ക്രിയേറ്റ് ചെയ്യുന്നത് കണ്ടിട്ട് അത്ഭുതത്തോടെ ഇരുന്നിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം ആയിരം എപ്പിസോഡുകളോളം റേറ്റിംഗ് ഒട്ടും പുറകോട്ട് പോകാതെ ഇത് ക്രിയേറ്റീവ് ആയി കൊണ്ടുപോവുക എളുപ്പമുള്ള കാര്യമല്ല. സെറ്റില്‍ ഇരിക്കുമ്പോള്‍ എത്ര വിഷമഘട്ടം ആണെങ്കിലും പ്രശ്‌നമുള്ള സമയം ആണെങ്കിലും സാറിന്റെ ആക്ഷന്‍ കേള്‍ക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി വേറെ എവിടെയും കിട്ടാറില്ല.

അവസാനമായിട്ട് ആ സെറ്റില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ എല്ലാവിധ ആശംസകളും എന്ന് പറഞ്ഞ് സാറ് കൈ തന്നിട്ടാണ് ഞാന്‍ അവിടുന്ന് പിരിയുന്നത് പക്ഷേ ഇനി അവിടെ തിരിച്ചുപോകുമ്പോള്‍ സാറില്ല എന്നത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റുന്നില്ല. ഇപ്പോഴും ആ യാഥാര്‍ഥ്യം മനസ്സ് അംഗീകരിക്കുന്നില്ല.

അടുത്ത ഷെഡ്യൂളില്‍ കാണാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇനി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോള്‍ ആകെ ഒരു മരവിപ്പ് അനുഭവപ്പെടുന്നു. വേദനയോടെ, പ്രാര്‍ത്ഥനയോടെ..'

ALSO READ : ബി​ഗ് ബോസ് താരം റിനോഷ് ജോര്‍ജ് വീണ്ടും സിനിമയില്‍; സംവിധാനം ജോജു ജോര്‍ജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം