ജയ്ഗണേഷ് എന്ന ചിത്രത്തിൽ ആണ് ജോമോൾ അഭിനയിക്കുന്നത്.
ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു ജോമോൾ. ഒരു വടക്കന്‍ വീരഗാഥയിൽ ബാലതാരമായി ബിഗ് സ്ക്രീനിൽ എത്തിയ ജോമോൾ പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കുഞ്ചാക്കോ ബോബൻ- ജോമോൾ കോമ്പോ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയാണ് താരം. ഈ അവസരത്തിൽ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ.
കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ കേട്ടപോലെ എന്ന് ഒരോ പ്രേക്ഷകനും പറഞ്ഞിരുന്നു. ഒടുവിൽ ജോമോളാണ് ആ ശബ്ദത്തിന് ഉടമ എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ആണ് നടിയുടെ പോസ്റ്റ്.
"കാതൽ-ദി കോർ എന്ന സിനിമയിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ എനിക്ക് മടിയായിരുന്നു. ഞാൻ ശബ്ദം നൽകുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലർത്താൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലർത്താൻ കഴിയുമോ എന്ന് സംശയിച്ചു. എന്നാൽ ഇന്ന്, എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന്, എന്നിൽ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാൻ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക", എന്നാണ് ജോമോൾ കുറിച്ചത്.
അതേസമയം, ജയ്ഗണേഷ് എന്ന ചിത്രത്തിൽ ആണ് ജോമോൾ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രത്തിൽ വക്കീൽ വേഷമാണ്. രഞ്ജിത്ത് ശങ്കർ ആണ് സംവിധാനം. മഹിമ നമ്പ്യാര്‍ നായികയായി എത്തുന്ന ചിത്രം ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് നിർമിക്കുന്നത്.
അല്ലു അർജുൻ എന്ന തെലുങ്ക് താരം, മലയാളികൾക്ക് സുപരിചിതമാക്കിയ 'ആര്യ 2', 14ന്റെ നിറവിൽ ചിത്രം
