വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി നടി മോക്ഷ; 'ചിത്തിനി' ഈ മാസം തിയറ്ററുകളില്‍
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബംഗാളി നായിക
റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്തിനി എന്ന മലയാള സിനിമയിലെ നായികയും ബംഗാളി താരവുമായ മോക്ഷ പരുമല വലിയ പനയന്നാർകാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന് ഒപ്പമാണ് മോക്ഷ ക്ഷേത്രത്തിൽ എത്തിയത്. ചിത്തിനിയുടെ കഥാകൃത്ത് കെ വി അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയൻ മലയാളത്തിന് സമ്മാനിച്ച നായികയാണ് മോക്ഷ. ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ചിത്തിനി. ചിത്രം ഈ മാസം തിയറ്ററിൽ എത്താനിരിക്കെയാണ് മോക്ഷ പനയന്നാർകാവിൽ എത്തിയത്. പത്തനംതിട്ട ജില്ലയിലെ പരുമലയിലാണ് വലിയ പനയന്നാർകാവ് ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ മഹാ മാന്ത്രികനായ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയിട്ടുള്ളതും ഇവിടെയാണ് എന്നാണ് ഐതിഹ്യം.
ഗതി കിട്ടാതെ അലയുന്ന ഒരു ആത്മാവിന് നീതി തേടിയുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചിത്തിനി പറയുന്നത്. സംഭ്രമജനകമായ മുഹൂർത്തങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ടും അതിമനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്തിനി സെപ്റ്റംബര്‍ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.
ALSO READ : അസാധാരണം, അപ്രതീക്ഷിതം; 'കിഷ്‍കിന്ധാ കാണ്ഡം' റിവ്യൂ