ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്. 

തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് നമിത. കഴിഞ്ഞ ഏതാനും നാളുകളായി തന്റെ ​ഗർഭകാല വിശേഷം പങ്കുവച്ചു കൊണ്ടുള്ള നമിതയുടെ വീഡിയോകളും പോസ്റ്റുകളും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താൻ ഇരട്ടക്കുട്ടികളുടെ അമ്മ ആയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്. 

View post on Instagram

ഏവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്ന് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നമിത പറയുന്നു. തന്നെ പരിപാലിച്ച ഡോക്ടർമാർക്കും താരം നന്ദി അറിയിച്ചു. ഞങ്ങളുടെ സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവർക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നിറവയറിൽ നമിത നടത്തിയ ഫോട്ടോഷൂട്ട് മുൻപ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നിൽ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം‘, എന്നാണ് അന്ന് നമിത കുറിച്ചിരുന്നത്. 

2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം സിനിമയിൽ സജീവമല്ലായിരുന്ന നമിത, മോഹൻലാൽ നായകനായി എത്തിയ പുലിമുരുകനിലൂടെ രണ്ടാംവരവ് നടത്തിയിരുന്നു. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി ഇറങ്ങാനുള്ള പുതിയ പ്രോജക്ട്. മലയാളത്തിലും തമിഴിലും ഒരേസമയം നിർമിക്കുന്ന ബൗ വൗ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.