സ്റ്റേജിന് അടുത്തേക്ക് വന്ന അമ്മാമ്മ നവ്യയെ വിളിക്കുന്നുണ്ട്. ഒപ്പം പൊട്ടിക്കരയുകയും ചെയ്തു. നവ്യ അടുത്തെത്തിയതും അവർ കയ്യിൽ പിടിച്ച് ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ഏറെ വൈറലാകുകയും ചെയ്തു.
മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക ഹൃദയം കീഴടക്കിയ നവ്യ ഇന്നും മലയാളികൾക്ക് വീട്ടിലെ ഒരാള് പോലെയാണ്. അഭിനയത്തിനൊപ്പം നൃത്തവും കൊണ്ടുപോകുന്ന നവ്യയുടെ പെർഫോമൻസ് വീഡിയോകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അതിന് ആരാധകരും ഏറെയാണ്. ഒരിക്കൽ നൃത്താവസാനം വിതുമ്പിക്കരഞ്ഞ നവ്യയുടെ അടുത്തേക്ക് ഓടി എത്തി, പൊട്ടിക്കരഞ്ഞൊരു അമ്മാമ്മയുടെ വീഡിയോ ഏറെ വൈറലായി മാറിയിരുന്നു. നവ്യ തന്നെയാണ് ആ വീഡിയോ പങ്കുവച്ചതും. ഇന്നിതാ അവരുടെ വിയോഗ വാർത്ത നോവോടെ അറിയിക്കുകയാണ് നടി.
ഈ അമ്മാമ്മയെ ആരും മറക്കാൻ സാധ്യതയില്ലെന്ന് പറഞ്ഞ നവ്യ അവർ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. ഒപ്പം ഒരിക്കൽ കൂടി തന്നെ കാണണമെന്ന അവരുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ സാധിച്ചുവെന്നും നവ്യ പറയുന്നുണ്ട്. "ഈ അമ്മാമ്മയെ നിങ്ങൾ മറക്കാൻ സാധ്യത ഇല്ല. അമ്മമ്മ ശ്രീകൃഷ്ണ പാദം പുൽകിയ വിവരം വ്യസനത്തോടെ അറിയിച്ചു കൊള്ളട്ടെ. എന്നെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹവും നിറവേറ്റാൻ ഭഗവാൻ അനുഗ്രഹിച്ചു. സർവം കൃഷ്ണാർപ്പണം..", എന്നായിരുന്നു നവ്യയുടെ വാക്കുകൾ. ഒപ്പം ആ അമ്മാമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളും നവ്യ പങ്കിട്ടിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു അമ്മാമ്മയുടെ വീഡിയോ നവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്‍റെ പരിപാടി നടന്നത്. നൃത്താവസാനം നവ്യ വിതുമ്പി കരയുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഈ അവസരത്തില്‍ അമ്മാമ്മ മുന്നില്‍ വന്ന് നവ്യയെ വിളിച്ചു. സെക്യൂരിറ്റി മാറ്റാന്‍ ശ്രമിച്ചിട്ടും അവര്‍ നവ്യയുടെ അടുത്തെത്തി. ആശ്വസിപ്പിക്കുന്നതിനൊപ്പം പൊട്ടിക്കരയുകയും ചെയ്തിരുന്നു. നവ്യ അവരുടെ കയ്യില്‍ പിടിച്ച് ചുംബിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തത് വീഡിയോയില്‍ കാണാമായിരുന്നു.



