ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്കാരങ്ങൾ നൽകിയെന്ന് രഞ്ജിനി. 

ണ്ട് ദിവസം മുൻപ് ആയിരുന്നു 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുരസ്കാര തെരഞ്ഞെടുപ്പുകൾ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നിറ‍ഞ്ഞിരുന്നു. പ്രത്യേകിച്ച് കേരള സ്റ്റോറി എന്ന ചിത്രത്തിന് ലഭിച്ച രണ്ട് പുരസ്കാരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി രഞ്ജിനി.

ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്കാരങ്ങൾ നൽകിയെന്നും എന്തൊരു നാണക്കേടാണിതെന്നും രഞ്ജിനി വിമർശിച്ചു. സോഷ്യൽ മീഡിയിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. "ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികവിന് നൽകുന്ന, കലാപരവും സാങ്കേതികവുമായ മികവിനുള്ള പരമോന്നത പുരസ്കാരത്തിൻ്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കൊടുത്തിരിക്കുന്നു. എന്തൊരു നാണക്കേട് ആണിത്", എന്നായിരുന്നു രഞ്ജിനി കുറിച്ചത്.

മികച്ച ഛായാഗ്രഹണത്തിനും സംവിധാനത്തിനുമുള്ള പുരസ്കാരമാണ് കേരള സ്റ്റോറിക്ക് ലഭിച്ചത്. കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിലൂടെ അവഹേളിച്ചത് ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 2023ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകള്‍ക്കാണ് ഇത്തവണ പുരസ്കാരം പ്രഖ്യാപിച്ചത്. 

ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയേയും പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനം വിജയരാഘവനെ മികച്ച സഹനടനുമാക്കിയിരുന്നു. 2018 ലെ വര്‍ക്കിന് മോഹന്‍ദാസിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയെയും തേടിയെത്തിയിരുന്നു. നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം ഒരു മലയാള ചിത്രം നേടിയിട്ടുണ്ട്. എം കെ ഹരിദാസ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ എന്ന ചിത്രമാണ് അത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്