'ഹേമാ കമ്മിറ്റി റിപ്പോർട്ട് മൊഴി നൽകിയവരുടെ അറിവില്ലാതെ പുറത്ത് വിടരുത്'; നടി രഞ്ജിനി ഹൈക്കോടതിയിൽ
നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതിയിൽ; 'മൊഴി നൽകിയവരുടെ അറിവില്ലാതെ പുറത്ത് വിടരുത്'
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് അടുത്ത ദിവസം പുറത്ത് വിടാനിരിക്കെ ഹൈക്കോടതിയിൽ ഹർജിയുമായി നടി രഞ്ജിനി. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. നടിയുടെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
മൊഴി നൽകിയവരുടെ അറിവ് ഇല്ലാതെ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് രഞ്ജിനി ഏഷ്യാനെറ്റ് ന്യൂസിനോടും പ്രതികരിച്ചു. ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ ഉത്തരവാദിത്തം ഇല്ലാതെ റിപ്പോര്‍ട്ട് പുറത്ത് വിടരുത്. വനിതാ കമ്മീഷൻ ഇക്കാര്യം ഉറപ്പാകുമെന്ന് കരുതി. എന്നാൽ അത്തരം നീക്കമുണ്ടായില്ല. അതിൽ നിരാശയുണ്ട്. മൊഴി നൽകിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ഞങ്ങളെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങൾ എങ്ങനെ പുറത്ത് വരുമെന്നതിൽ ആശങ്കയുണ്ട്. റിപ്പോർട്ടിൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘനമില്ലെന്ന് ഉറപ്പാക്കണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തു വിടേണ്ടതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.
വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. കോടതിയിടപെടലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. നിർമാതാവ് സജിമോൻ പാറയിൽറിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി നേരത്തെ കോടതി തളളിയിരുന്നു. നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണർ ഉത്തരവിട്ടതോടെയാണ് വിഷയം കോടതി കയറിയും ഒടുവിൽ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിലേക്കുമെത്തിയത്.