'ജേക്കബിന്റെ സ്വർഗ്ഗരാജ്യം', 'ബിഗിൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി റെബ മോണിക്ക ജോൺ അമ്മയാകാനൊരുങ്ങുന്നു. Reba John
അമ്മയാകാനൊരുങ്ങി നടി റെബ മോണിക്ക ജോൺ. തങ്ങൾ രണ്ടിൽ നിന്നും മൂന്നായി വളരുന്നുവെന്നും അത്ഭുതകരമായ ഈ സമ്മാനത്തിന് കർത്താവിന് നന്ദിയെന്നും റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്നു. ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു." റെബ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റെബ മോണിക്ക ജോൺ. പിന്നീട് പൈപ്പിൻചോട്ടിലെ പ്രണയം എന്ന ചിത്രത്തിലെ റെബയുടെ ടീന കുഞ്ഞച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. 2019 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകനിലും റെബ ജോൺ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജോമോൻ ജോസഫുമായി 2022 ലായിരുന്നു റെബയുടെ വിവാഹം.


