ആ കഥാപാത്രം തന്നിൽ വലിയ സ്വാധീനം ചെലുത്തിയെന്നും ഇന്നും അതൊരു വികാരമായി തുടരുന്നുവെന്നും 'നേര്' സിനിമയുടെ സഹരചയിതാവ് കൂടിയായ ശാന്തി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. Actress Santhi Mayadevi about Mammootty

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധേയായ താരമാണ് ശാന്തി മായാദേവി. ചിത്രത്തിൽ മോഹൻലാലിന്റെ വക്കീൽ ആയെത്തി നിർണായക ഇടപെടലുകൾ നടത്തുന്ന കഥാപാത്രം കൂടിയാണ് യഥാർത്ഥ ജീവിതത്തിലും അഡ്വക്കേറ്റ് ആയ ശാന്തി മായാദേവിയുടെ രേണുക എന്ന കഥാപാത്രം. മമ്മൂട്ടി നായകനായെത്തിയ ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെയാണ് ശാന്തി മലയാളത്തിൽ നടിയായി അരങ്ങേറ്റം കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായ നേരിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ശാന്തി. മമ്മൂട്ടിയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിക്കാൻ ശാന്തി ഒരുങ്ങുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ താൻ എൽഎൽബി എടുക്കാൻ പ്രചോദനം ആയത് നരസിംഹത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണെന്ന് പറയുകയാണ് ശാന്തി മായാദേവി. നന്ദഗോപാൽ മാരാർ ഇന്നും ഒരു വികാരമാണെന്നും ശാന്തി പറയുന്നു.

"ഞാൻ ആദ്യമായി അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. ഗാനഗന്ധർവൻ എന്ന സിനിമയിൽ. ജയിലിൽ നിന്ന് പുറത്തേക്ക് വരുന്ന ആദ്യത്തെ ഷോർട്ടിലായിരുന്നു അത്. മമ്മൂക്കയെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടുവരുന്ന വക്കീലാണ് ഞാൻ, പക്ഷെ ഞാൻ അന്ന് അതൊക്കെ മറന്നു പോയി നരസിംഹത്തിലെ ഡയലോഗ് ആയിരുന്നു മനസിൽ കൂടെ പൊയ്ക്കൊണ്ടിരുന്നത്. ഞാൻ ഒക്കെ എൽ എൽ ബി എടുക്കുമ്പോൾ ഇപ്പോഴത്തെ ഒരു ജെൻ ആൽഫ, ജെൻ ബീറ്റ ജനറേഷൻ അല്ലല്ലോ. അന്നത്തെ ജനറേഷനിൽ മമ്മൂക്ക എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഒരു എൽ എൽ ബി സ്റ്റുഡന്റ് ആയ ഞാൻ കാണുമ്പോൾ എനിക്ക് ഉള്ളത് നരസിംഹത്തിലെ മമ്മൂക്കയാണ്. പഠിച്ചിറങ്ങിയാൽ ഉടനെ ഇങ്ങനത്തെ ഡയലോഗ് ഒക്കെ കോടതിയിൽ പോയി പറയുക, നാല് ആളുകൾ അറിയുക ഒന്ന് ഷോ കാണിക്കുക അങ്ങനെ എല്ലാവരെ പോലെയും ഉള്ള ആഗ്രഹങ്ങൾ ആയിരുന്നു. ആ പ്രായം അതായിരുന്നു." ശാന്തി പറയുന്നു.

‘നന്ദഗോപാൽ മാരാർ ഒരു വികാരമാണ്’

"അത്കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അതേ ഫീലിംഗ് ആണ്. മമ്മൂക്കയെ വക്കീൽ ആയിട്ട് ഞാൻ, എനിക്ക് തരുന്ന ഡയലോഗ് എന്തായിരിക്കും, പറയാൻ കൊതി ആയിട്ട് വയ്യ, എന്റെ ഡയലോഗ് പെട്ടന്ന് തരൂ എന്ന മൂഡിലായിരുന്നു ഞാൻ. കോടതിയിൽ മമ്മൂക്ക പുറകേ നിൽക്കുന്നു, ഞാൻ അതിനെക്കുറിച്ച് വല്ലാതെ പറയുകയാണ്, അപ്പോൾ മമ്മൂക്ക വന്നിട്ട് പറഞ്ഞു ജൂനിയർ വക്കീൽ ആണ് അപ്പോൾ അതിന് അനുസരിച്ചുള്ള നിലയ്ക്കും വിലയ്ക്കും നിന്നാൽ മതിയെന്ന്. മാരാർ കിടപ്പുണ്ട് കുറച്ച് എന്നും പറഞ്ഞു. അത് രക്തത്തിൽ അലിഞ്ഞു പോയതാണെന്ന് ഞാനും പറഞ്ഞു. ദൃശ്യത്തിൽ ആയാലും മാരാർ എന്ന കഥാപത്രം എന്നിൽ വന്നിട്ടുണ്ടാകും. അതൊരു ഫീൽ ആണ് രോമാഞ്ചം തോന്നും. നരസിംഹത്തിലെ മമ്മൂക്കയുടെ വക്കീൽ വേഷം നന്ദഗോപാൽ മാരാർ ഒരു വികാരമാണ്." ശാന്തി കൂട്ടിച്ചേർത്തു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിയുടെ പ്രതികരണം.

YouTube video player