നടി ശ്രീനിധി ഷെഡ്ഡി, സീതയാകാൻ ഇരുന്നതായിരുന്നുവെന്നും എന്നാൽ റോൾ താരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു.

ന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ഏറ്റവും വലിയ ക്യാൻവാസിലും ബജറ്റിലും ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്റേതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശംസയ്ക്ക് ഒപ്പം തന്നെ വിമർശനങ്ങളും ചിത്രത്തിനെതിരെ ഒരുഭാ​ഗത്ത് വന്നു. വിമർശനങ്ങൾക്കൊരു കാരണം സായ് പല്ലവി സീതയായി എത്തിയതാണ്. സായ് ആ കഥാപാത്രമാകാൻ ലുക്കില്ലെന്നും സീത അങ്ങനെ അല്ലെന്നുമെല്ലാമാണ് ഇവർ പറയുന്നത്. പിന്നീട് നിരവധി നടിമാരുടെ സീത ലുക്കുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇതിനിടെ നടി ശ്രീനിധി ഷെഡ്ഡിയെ, സീതയാകാൻ സമീപിച്ചിരുന്നുവെന്നും എന്നാൽ റോൾ താരം നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വന്നു.

ഇക്കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ് ശ്രീനിധി ഷെഡ്ഡി. ഏതൊരു നടിയുടേയും സ്വപ്നതുല്യമായ വേഷമാണ് സീത ആകുക എന്നും താൻ ഒരിക്കലും അത് റിജക്ട് ചെയ്തതല്ലെന്നും ഓഡിഷന് പോയിട്ടും ലഭിക്കാത്തതാണെന്നും ശ്രീനിധി ഷെഡ്ഡി വ്യക്തമാക്കി. ഒരു തെലുങ്ക് അഭിമുഖത്തിൽ ആയിരുന്നു ശ്രീനിധിയുടെ പ്രതികരണം.

"ഞാൻ ആ റോൾ നിരസിച്ചതല്ല. രാമാണത്തിലെ സീതയുടെ വേഷത്തിനായി ഞാൻ ഓഡിഷന് പോയിരുന്നു. പക്ഷേ കിട്ടിയില്ല. എന്നാൽ ഞാൻ ആ വേഷം നിരസിച്ചെന്ന തരത്തിലാണ് വാർത്തകൾ വന്നത്. ഓഡിഷന് കോൾ വന്നത് തന്നെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. പിന്നെ ഞാനെന്തിന് ആ വേഷം നിരസിക്കണം? സീത എന്നത് എന്ത് വലിയ കഥാപാത്രമാണ്. ഓരോ നടിമാരും ആ​ഗ്രഹിക്കുന്ന സ്വപ്നതുല്യമായ വേഷമാണത്. ഞാൻ ഒരിക്കലും അത് നിരസിച്ചിട്ടില്ല. ഓഡിഷന് പോയിട്ടും സെലക്ട് ആകാത്തതാണ്. അതാണ് സംഭവിച്ചത്", എന്നായിരുന്നു ശ്രീനിധി ഷെഡ്ഡിയുടെ വാക്കുകൾ. സായ് പല്ലവി, സീതയായി എത്തുന്നത് സന്തോഷമെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming