ബോളിവുഡില്‍ നിന്നെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മിത്തോളജിക്കല്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

സിനിമകള്‍ വന്‍ സാമ്പത്തിക വിജയം നേടുമ്പോള്‍ അതിന്‍റെ സൃഷ്ടാവായ ഡയറക്ടര്‍ക്ക് നിര്‍മ്മാതാവ് ചില സമ്മാനങ്ങളൊക്കെ നല്‍കുന്ന വാര്‍ത്തകള്‍ പലപ്പോഴും എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ചിത്രത്തിന്‍റെ റിലീസിനു മുന്‍പേ വില കൂടിയ ഒരു സമ്മാനം ഇത്തരത്തില്‍ നല്‍കപ്പെടുന്നത് അപൂര്‍വ്വമായിരിക്കാം. അത്തരമൊരു വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. മറ്റാര്‍ക്കുമല്ല, ടീസര്‍ ഇറങ്ങിയപ്പോള്‍ അതിലെ വിഎഫ്എക്സ് രംഗങ്ങളിലെ നിലവാരമില്ലായ്മയുടെ പേരില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം ആദിപുരുഷിന്‍റെ സംവിധായകനാണ് അതിന്‍റെ നിര്‍മ്മാതാവില്‍ നിന്നും ഒരു സമ്മാനം ലഭിച്ചിരിക്കുന്നത്. അതും ഏറെ വിലപിടിച്ച ഒന്ന്.

ആദിപുരുഷ് സംവിധായകനായ ഓം റാവത്തിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഭൂഷണ്‍ കുമാര്‍ ഒരു ഫെറാരി എഫ് 8 ട്രിബ്യൂട്ടോ കാര്‍ ആണ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ഭൂഷണ്‍ കുമാറിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന വാഹനമാണ് ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 4.02 കോടിയാണ് ഈ സൂപ്പര്‍കാറിന്‍റെ വില. റിലീസിനു മുന്‍പേ ഒരു നിര്‍മ്മാതാവ് ഇങ്ങനെ ചെയ്യണമെങ്കില്‍ അത് അദ്ദേഹത്തിന് ആ പ്രോജക്റ്റിന്മേല്‍ അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ടാണെന്നാണ് ട്വിറ്ററിലും മറ്റും ഈ സമ്മാനവിവരം ആഘോഷിക്കുന്ന സിനിമാപ്രേമികള്‍, വിശേഷിക്കും പ്രഭാസ് ആരാധകരുടെ വിലയിരുത്തല്‍.

ALSO READ : 'മോൺസ്റ്ററി'ന്‍റെ വിലക്ക് നീക്കി ബഹ്റൈൻ; പകരം ഒഴിവാക്കിയത് 13 മിനിറ്റ്

Scroll to load tweet…

സമീപകാലത്ത് സിനിമാപ്രേമികളില്‍ നിന്ന് ഏറ്റവുമധികം പരിഹാസം ലഭിച്ച ടീസര്‍ ആയിരുന്നു ആദിപുരുഷിന്‍റേത്. ബോളിവുഡില്‍ നിന്നെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മിത്തോളജിക്കല്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രാമായണം പശ്ചാത്തലമാക്കുന്ന ചിത്രം 500 കോടി ബജറ്റിലാണ് നിര്‍മ്മിക്കപ്പെടുന്നത്. പുറത്തെത്തിയ ടീസറിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നും ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു കമന്‍റുകള്‍. എന്നാല്‍ 3ഡിയില്‍ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈല്‍ സ്ക്രീനില്‍ കണ്ടാല്‍ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു സംവിധായകന്‍ ഓം റാവത്തിന്‍റെ പ്രതികരണം. 

Bhushan Kumar Spotted in his New Ferrari F8 Spider | 4.02 Crore Rs

പിന്നാലെ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്‍റെ 3ഡി ടീസര്‍ ലോഞ്ചിനു പിന്നാലെ അതിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്. പ്രഭാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. ടീസര്‍ 3ഡിയില്‍ കണ്ട് താന്‍ ത്രില്ലടിച്ചുവെന്നായിരുന്നു പ്രഭാസിന്‍റെ പ്രതികരണം. പ്രഭാസ് ശ്രീരാമനാവുന്ന ചിത്രത്തില്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. സീതയാവുന്നത് കൃതി സനോണും. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ഐമാക്സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. 2023 ജനുവരി 12 ന് ആണ് റിലീസ്