മുംബൈ: ഗായകൻ അദ്നാൻ സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ തുര്‍ക്കിഷ് സൈബര്‍ ആക്രമണം. അമിതാഭ് ബച്ചന്റെ മൈക്രോബ്ലോഗിങ് പേജ് ഹാക്ക് ചെയ്ത അയ്യിൽദിസ് ടിം തന്നെയാണ് ചൊവ്വാഴ്ച അദ്നാൻ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തു.

അദ്നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്. ബയോ ആയി അയ്യിൽദിസ് ടിം പാക്കിസ്ഥാനെ സ്നേഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ ഹാക്കര്‍മാര്‍ പാക്കിസ്ഥാനി, തുര്‍ക്കിഷ് പതാകകളും ഇവിടെ പതിപ്പിച്ചിട്ടുണ്ട്.

മുൻപ് പാക് പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന സമി പിന്നീട് 2015 ലാണ് ഇന്ത്യൻ പൗരത്വം നേടിയത്. തിങ്കളാഴ്ച രാത്രി 11.40നായിരുന്നു അമിതാഭ് ബച്ചന്റെ ബ്ലോഗ് ഹാക്ക് ചെയ്യപ്പെട്ടത്. മുംബൈ പൊലീസ് ഇടപെട്ടതോടെ അര മണിക്കൂറിൽ ബച്ചന്റെ പേജ് പൂര്‍വ്വസ്ഥിതിയിലാക്കി. ബച്ചന്റെയും സാമിയുടെയും അക്കൗണ്ടുകളിൽ കവര്‍ ചിത്രമായി നൽകിയിരിക്കുന്നത് ഒരേ ചിത്രമാണ്.

ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലന്റിൽ തുര്‍ക്കിഷ് ഫുട്ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാൽ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.