ജനാധിപത്യം എന്നത് എണ്ണത്തില്‍ കൂടുതല്‍ നേടിയവരുടെയും കുറച്ചു കിട്ടിയവരുടെയും കൂടിയാണെന്ന് സംവിധായകൻ  അടൂര്‍ ഗോപാലകൃഷ്‍ണൻ.  ജനങ്ങള്‍ക്കെല്ലാം നന്മ വരുന്ന  കാര്യങ്ങള്‍ ഒത്തൊരുമിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അതിനു മുൻകയ്യെടുക്കേണ്ടത് ഭൂരിപക്ഷം കിട്ടുന്ന കക്ഷിയാണ്. അത്രയേയുള്ള വ്യത്യാസം- അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഗോപാലകൃഷ്‍ണൻ ഇക്കാര്യം പറയുന്നത്.

ഞങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഇങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ  നടക്കുന്നുണ്ട് എന്ന് രാജ്യത്തിന്റെ ചീഫ് എക്സിക്യുട്ടീവിനോട് പറയുകയാണ്. ഇങ്ങനെ നടക്കുന്ന മോശം കാര്യങ്ങള്‍ നേരിട്ട് അവസാനിപ്പിച്ച് രാജ്യത്ത് സമാധാനമുണ്ടാക്കണം എന്ന് പറയുന്നത് വളരെ പോസിറ്റീവായ ഒരു പ്രവൃത്തിയാണ്. അതിനെ എന്തിനാണ് നെഗറ്റീവാക്കി എടുക്കുന്നത്- അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു. ആള്‍ക്കൂട്ടക്കൊലകള്‍ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിലും നീചമാണ് ഇരയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ച് അതൊരു കൊലവിളിയാക്കുന്നത്. രാമനാമത്തെ കൊലവിളിയാക്കുന്നത് തെറ്റാണ്. ഞാനും വിശ്വാസിയാണ്. വിശ്വാസികളെ വളരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്- അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു.  പ്രതിപക്ഷത്തുള്ളവരുമായും സംസാരിച്ച് സമന്വയമുണ്ടാക്കി വേണം ഭരിക്കാൻ. അതാണ് ഭരണഘടന പറയുന്നത്. അല്ലാതെ ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്ക് സ്വേച്ഛാധികാരത്തിലേക്ക് പോകാം എന്ന് നിര്‍ദ്ദേശിച്ചിട്ടില്ല. സ്വേച്ഛാധികാരമല്ല, ആ പാര്‍ട്ടിയുടെ മാത്രം അജണ്ടകളല്ല നടപ്പാക്കേണ്ടത്- അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു.