ചിങ്ങം 1 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍

ഒറ്റ ഫ്രാഞ്ചൈസി കൊണ്ട് മലയാള സിനിമയില്‍ സമാനതകളില്ലാത്ത ജനപ്രീതി നേടിയ കൂട്ടുകെട്ടാണ് ജീത്തു ജോസഫ് മോഹന്‍ലാല്‍. ദൃശ്യം ഒന്നും രണ്ടുമായിരുന്നു ആ ചിത്രങ്ങള്‍. ഈ കോമ്പിനേഷന്‍ എപ്പോള്‍ ഒരുമിക്കുന്നുവെന്ന് കേട്ടാലും പ്രേക്ഷക പ്രതീക്ഷകള്‍ ഉയരുന്നതിന് കാരണം ദൃശ്യം തന്നെയാണ്. ദൃശ്യം 3 വരുമോ എന്ന ചോദ്യങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം ആശിര്‍വാദ് സിനിമാസില്‍ നിന്നും ഒരു സര്‍പ്രൈസ് പ്രഖ്യാപനം എത്തിയിരുന്നു. ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന ഒരു പുതിയ ചിത്രം വരുന്നു എന്നതായിരുന്നു അത്. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഔദ്യോ​ഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും പ്രോജക്റ്റ് സംബന്ധിച്ച് കൗതുകമുണര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ഒരു കോടതിമുറിയില്‍ കഥാവികാസം നടക്കുന്ന കോര്‍‌ട്ട് റൂം ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന സിനിമയായിരിക്കും ഇതെന്നാണ് അതിലൊന്ന്. തിരക്കഥാകൃത്തിന്‍റെ പേരാണ് അതിലും കൗതുകമുയര്‍ത്തുന്നത്. അഡ്വ. ശാന്തിപ്രിയ. അതെ, ദൃശ്യം 2 ല്‍ അഡ്വ. രേണുക എന്ന വക്കീല്‍ കഥാപാത്രമായെത്തിയ അതേയാള്‍ തന്നെ. ത്രില്ലറുകള്‍ അനായാസം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ഒരുക്കുന്ന കോര്‍ട്ട് റൂം ഡ്രാമ എത്തരത്തിലുള്ളതായിരിക്കുമെന്ന ആകാംക്ഷ സിനിമാപ്രേമികള്‍ ഇപ്പോഴേ ഉണ്ട്. ചിങ്ങം 1 ന് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും കേള്‍ക്കുന്നുണ്ട്. അതേസമയം ഇവയൊക്കെ സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആശിര്‍വാദ് സിനിമാസിന്‍റെ 33-ാം ചിത്രമാണ് ഇത്. ഓ​ഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രോജക്റ്റ് പ്രഖ്യാപനത്തിനൊപ്പം നിര്‍മ്മാതാവ് അറിയിച്ചിരുന്നു. ദൃശ്യം ഫ്രാഞ്ചൈസി കൂടാതെ 12 ത്ത് മാന്‍ ആണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പുറത്തെത്തിയ ചിത്രം. റാം എന്ന ഒരു ചിത്രം കൂടി ഈ കൂട്ടായ്‍മയുടേതായി പുറത്തുവരാനുണ്ട്. എന്നാല്‍ വിദേശ ചിത്രീകരണമടക്കം ഈ പ്രോജക്റ്റിനായി പൂര്‍ത്തിയാക്കാനുണ്ട്. ആ ഇടവേളയിലാണ് ഇവര്‍ ഒരു പുതിയ ചിത്രവുമായി എത്തുന്നത്.

ALSO READ : 'സീസണ്‍ 5 ലേക്ക് വിളിച്ചിരുന്നു'; ബിഗ് ബോസിന്‍റെ ക്ഷണം നിരസിച്ചതിനുള്ള കാരണം പറഞ്ഞ് ആരതി പൊടി

https://www.youtube.com/watch?v=Ko18SgceYX8