യുപിക്ക് പിന്നാലെ ഷാരൂഖിന്റെ 'ജവാനെ' ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത പൊലീസും
ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തവുമാണ് ജവാൻ.

ഷാരൂഖ് ഖാന്റെ ജവാനെ പ്രേക്ഷകര്‍ക്ക് ആദ്യം പരിചയപ്പെടുത്തിയ പോസ്റ്ററുകളില്‍ ഒന്ന് നടന്റെ മുഖത്ത് ബാൻഡേജ് കെട്ടിയ ഫോട്ടോ ഉള്‍ക്കൊള്ളിച്ചതായിരുന്നു. ഇപ്പോഴിതാ കൊല്‍ക്കത്ത പൊലീസും ആ ഫോട്ടോ ഉപയോഗിച്ചിരിക്കുകയാണ്. റോഡ് സുരക്ഷാ ബോധവത്‍കരണത്തിനാണ് ഷാരൂഖിന്റെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്. ഷാരൂഖ് ഖാൻ ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്ന ഫോട്ടോയ്‍ക്ക് ഒപ്പം ജവാനിലെ ആ ഹിറ്റ് ഫോട്ടോയും ചേര്‍ത്താണ് റോഡ് ബോധവത്‍കരണത്തിന് യുപി പൊലീസ് നേരത്തെ ഉപയോഗിച്ച പരസ്യത്തിന്റെ മാതൃക കൊല്‍ക്കത്ത പൊലീസും പിന്തുടര്‍ന്നിരിക്കുന്നത്.
ഷാരൂഖ് ഖാൻ നായകനാകുന്ന പതിവ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തവുമാണ് ജവാൻ. ഷാരൂഖ് ഖാനും രാഷ്‍ട്രീയം പ്രസംഗിക്കുന്ന സിനിമയാണ് ജവാൻ. സാമൂഹ്യ സന്ദേശങ്ങള്‍ ജവാനിലൂടെ കൈമാറുന്നുണ്ട്. തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രം നിരവധി സന്ദേശങ്ങള്‍ പകരുന്നതാണെന്ന് ചിലര്‍ പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനവുമായും എത്തിയിരുന്നു.
വോട്ട് ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് ഷാരൂഖ് സിനിമയില്‍ ഒരു പ്രസംഗം നടത്തിയത് ചര്‍ച്ചയായിരുന്നു. സര്‍, ഞാൻ ഒരിക്കലും സ്‍പോയിലറാകാൻ ആഗ്രഹിക്കുന്നല്ല, പക്ഷേ അവസാനത്തെ ആ പ്രസംഗം എന്തായിരുന്നു എന്ന് ആശ്ചര്യത്തോടെ ഒരു ആരാധകൻ സാമൂഹ്യ മാധ്യമത്തില്‍ ചോദിക്കുകയായിരുന്നു. മറുപടിയുമായി ഷാരൂഖ് ഖാനും എത്തി. സ്‍പോയിലര്‍ ഒന്നും അതില്‍ ഇല്ല. രാജ്യത്തിന്റെ നന്മയ്‍ക്ക് എല്ലാ സ്‍പോയിലറുകളോടും ക്ഷമിക്കാം എന്നും ഷാരൂഖ് വ്യക്തമാക്കി. എല്ലാവരും അവരവരുടെ വോട്ടവകാശം ബുദ്ധിപരമായും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണം. എന്നാല്‍ അത് മാറ്റിനിര്‍ത്തിയാല്‍ ഞാനും ജവാനിലെ ബാക്കിയുള്ള ഒരു സ്‍പോയിലറും വെളിപ്പെടുത്തുന്നില്ല, നിങ്ങളും അവയൊന്നും വെളിപ്പെടുത്തരുത് എന്നും ഷാരൂഖ് ഖാൻ നിര്‍ദ്ദേശിച്ചിരുന്നു.
പല മേക്കോവറുകളിലായിരുന്നു ഷാരൂഖ് ഖാൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഷാരൂഖ് തല മൊട്ടയടിച്ചിരുന്നു. നയൻതാരയായിരുന്നു നായികയായി എത്തിയത്. വില്ലനായി വിജയ് സേതുപതിയും വേഷമിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക