Asianet News MalayalamAsianet News Malayalam

'അച്ഛനും ഞാനും വ്യത്യസ്‍ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാവുന്ന രണ്ട് വ്യക്തികള്‍'; 'ബീഫ് ട്രോളി'ല്‍ അഹാന

താന്‍ ബീഫ് കഴിക്കാറില്ലെന്നോ ബീഫ് വീട്ടില്‍ കയറ്റാറോ ഇല്ലെന്ന് അച്ഛന്‍ കൃഷ്‍ണകുമാര്‍ അഭിമുഖങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. 

ahaana krishna reacts to beef trolls
Author
Thiruvananthapuram, First Published Mar 30, 2021, 6:43 PM IST

ബീഫിനെച്ചൊല്ലി തനിക്കും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്‍ണ. അഹാനയുടെ അച്ഛനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയുമായ നടന്‍ കൃഷ്‍ണകുമാര്‍ ബീഫിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന് കടകവിരുദ്ധമാണ് മകളുടെ അഭിപ്രായം എന്ന രീതിയിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രചരിച്ചത്. താന്‍ ബീഫ് കഴിക്കാറില്ലെന്നും തന്‍റെ വീട്ടില്‍ ബീഫ് കയറ്റാറുമില്ലെന്ന് അഭിമുഖങ്ങളില്‍ കൃഷ്‍ണകുമാര്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ വീട്ടില്‍ ബീഫ് പാകം ചെയ്യുന്നുവെന്ന തരത്തില്‍ അഹാന മുന്‍പ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട് എന്നതുമായിരുന്നു ട്രോളുകളുടെ അടിസ്ഥാനം. എന്നാല്‍ ഇത് വാസ്‍തവവിരുദ്ധമാണെന്ന് പറയുന്നു അഹാന.

താന്‍ ബീഫ് കഴിക്കാറില്ലെന്നോ ബീഫ് വീട്ടില്‍ കയറ്റാറോ ഇല്ലെന്ന് അച്ഛന്‍ കൃഷ്‍ണകുമാര്‍ അഭിമുഖങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനുള്‍പ്പെടെ കൃഷ്‍ണകുമാര്‍ നല്‍കിയ ചില അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും ഇന്‍സ്റ്റഗ്രാം സ്റ്റോറിക്കൊപ്പം അഹാന ചേര്‍ത്തിട്ടുണ്ട്. മാംസഭക്ഷണത്തോട് തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും കഴിക്കാറുണ്ടെന്നും കൃഷ്‍ണകുമാര്‍ പറയുന്ന ഒരു അഭിമുഖത്തിന്‍റെ ഭാഗവും അഹാന പങ്കുവച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ 'ഗോമാത' എന്ന സങ്കല്‍പ്പത്തോട് തനിക്കുള്ള അനുഭാവത്തെക്കുറിച്ച് കൃഷ്‍ണകുമാര്‍ പറയുന്ന ഭാഗവും അഹാന പങ്കുവച്ചിട്ടുണ്ട്. താനും അച്ഛനും വ്യത്യസ്‍ത അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാന്‍ അവകാശമുള്ള രണ്ട് വിഭിന്ന വ്യക്തികളാണെന്നും താന്‍ പറയുന്ന അഭിപ്രായം എങ്ങനെയാണ് തന്‍റെ കുടുംബത്തിന്‍റേതാവുന്നതെന്നും അഹാന ചോദിക്കുന്നു. സമാനരീതിയിലാണ് അച്ഛന്‍ പറയുന്ന അഭിപ്രായങ്ങള്‍ തന്‍റേതായിക്കൂടി ചിത്രീകരിക്കപ്പെടുന്നതെന്നും അഹാന പറയുന്നു. 

ahaana krishna reacts to beef trolls

 

അഹാനയുടെ ഒരു പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ചേര്‍ത്തുവച്ചാണ് കൃഷ്‍ണകുമാറിന്‍റെ അഭിപ്രായപ്രകടനങ്ങള്‍ പരിഹസിക്കപ്പെട്ടത്. എന്നാല്‍ ബീഫ് കറിയുടെ ചിത്രമുള്ള തന്‍റെ മുന്‍ പോസ്റ്റിനെക്കുറിച്ചും അഹാന വ്യക്തമാക്കുന്നു. 'അമ്മ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കിത്തന്നേനെ' എന്ന് ബീഫ് വിഭവത്തിന്‍റെ ചിത്രത്തിനൊപ്പം അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ ആ പോസ്റ്റില്‍ താന്‍ അങ്ങനെ കുറിച്ചിരുന്നില്ലെന്ന് സ്ക്രീന്‍ ഷോട്ട് അടക്കം അഹാന വ്യക്തമാക്കുന്നു. ആ ബീഫ് വിഭവം വീട്ടില്‍ ഉണ്ടാക്കിയതല്ലെന്നും മറിച്ച് ചിത്രീകരണസ്ഥലത്തെ പ്രൊഡക്ഷന്‍ ഫുഡ് ആയിരുന്നുവെന്നും അഹാന വിശദീകരിക്കുന്നു.  

തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതില്‍ നിന്ന് പുതിയൊരു കഥ തന്നെ മെനഞ്ഞെടുത്ത് മീമുകള്‍ സൃഷ്‍ടിച്ച് ആളുകളെ പറ്റിക്കുകയാണ് ഒരു കൂട്ടമെന്നും അഹാന വിമര്‍ശിക്കുന്നു. ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും വേണ്ടി എന്തും നിര്‍മ്മിച്ചെടുക്കുകയാണെന്നും അഹാന പറയുന്നു. "മീമുകളും വാര്‍ത്തകളുമൊക്കെ നല്ലതാണ്. പക്ഷേ കുറച്ച് മര്യാദ, ഒരല്‍പ്പം.. പ്ലീസ്", അഹാനയുടെ അപേക്ഷ. 

Follow Us:
Download App:
  • android
  • ios