സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ ആദ്യമായി നായകനാകുകയാണ് 'തഡപി'ലൂടെ.

സുനില്‍ ഷെട്ടിയുടെ (Sunil Shetty) മകൻ അഹൻ ഷെട്ടി (Ahan Shetty) ആദ്യമായി നായകനാകുന്ന ചിത്രമാണ് 'തഡപ്' (Tadap). മിലന്‍ ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രമാണ് 'തഡപ്'. അഹാന്‍ ഷെട്ടിയുടെ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.

'തഡപ്' എന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം 'ആര്‍എക്സ് 100'ന്‍റെ റീമേക്ക് ആണ് 
'തഡപ്'. രാഗുല്‍ ധരുമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് ജി പാണ്ഡെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍‍മെന്‍റ് പ്രൊഡക്ഷന്‍റെ ബാനറില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സഹ നിര്‍മ്മാതാക്കള്‍. പ്രീതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടത്.

അഹാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ഇഷാന എന്നാണ്. വിദേശത്തുനിന്നെത്തുന്ന റമീസ (താര സുതരിയ) യുമായി അടുക്കുന്നതോടെ ഇരുവര്‍ക്കുമിടയിലെ മനോഹരമായ പ്രണയം ആരംഭിക്കുകയാണ്. പക്ഷേ അപ്രതീക്ഷിതത്വങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ആ അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും കഥ പറയുന്ന 'തഡപ്' വെള്ളിയാഴ്‍ച തിയറ്ററുകളിലെത്തും.