'നൃത്തവുമായി വലിയ ബന്ധമൊന്നുമില്ലാതിരുന്നിട്ടും, ഒരു സ്റ്റെപ്പ് പോലും മറക്കാതെ അതിമനോഹരമായി പ്രകടനം കാഴ്ചവെച്ച അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ...'.
അഹാന കൃഷ്‍ണയുടെ സംഗീത് ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 20 മിനിറ്റുള്ള നൃത്ത വീഡിയോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കുടുബാംഗങ്ങളെല്ലാം ഒന്നിച്ചെത്തിയ ഭാഗമാണ്. ഇതേക്കുറിച്ച് വിശദമായൊരു കുറിപ്പു തന്നെ അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്.
''ഒരുപക്ഷേ പല കുടുംബങ്ങളും ഇതുപോലെയായിരിക്കാം. പരസ്പരം അത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിലും, നിസാര കാര്യത്തിന് പോലും ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപേ തന്നെ, അച്ഛനും അമ്മയും ഞങ്ങൾ നാല് മക്കളും ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആകെ 20 മിനിറ്റ് നീണ്ടുനിന്ന ഞങ്ങളുടെ നൃത്തത്തിൽ, എനിക്ക് ഏറ്റവും പ്രധാനപ്പെട്ട നിമിഷം ഇതായിരുന്നു. അത് ഭംഗിയാക്കണമെന്നും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ പേടിച്ചിരുന്നത് മറ്റൊരു കാര്യം ഓർത്തായിരുന്നു. ആറുപേരും സ്റ്റേജിൽ ഒന്നിച്ചു വരുമ്പോൾ ആരെങ്കിലും തമ്മിൽ വഴക്കുണ്ടാകുമോ എന്നതായിരുന്നു അത്. ആ നിമിഷം ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ ഒന്നിച്ച് നൃത്തം ചെയ്യണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. സ്റ്റേജിൽ ഈ നൃത്തം ഞങ്ങൾ ഭംഗിയായി ചെയ്താൽ ഒരുപക്ഷേ ഞാൻ കരഞ്ഞുപോയേക്കാമെന്ന് എന്റെ അടുത്ത സുഹൃത്തിനോട് എപ്പോഴും പറയുമായിരുന്നു. കാരണം അത്രയേറെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു ആ നിമിഷം. ഞാൻ മനസിൽ കണ്ടതുപോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു. ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു അത്. അവർ എനിക്കുവേണ്ടി അത് ചെയ്തുതരികയും ചെയ്തു.
നൃത്തവുമായി വലിയ ബന്ധമൊന്നുമില്ലാതിരുന്നിട്ടും, ഒരു സ്റ്റെപ്പ് പോലും മറക്കാതെ അതിമനോഹരമായി പ്രകടനം കാഴ്ചവെച്ച എന്റെ അച്ഛന് പ്രത്യേക അഭിനന്ദനങ്ങൾ... ഒരുപക്ഷേ, എന്റെ ജീവിതത്തിലെ അവസാനത്തെ 7 മിനിറ്റുകളിൽ ഈയൊരു മുഹൂർത്തവും തീർച്ചയായും ഞാൻ ഓർമിക്കും'', എന്നാണ് നൃത്തവീഡിയോയിലെ ഒരു ചെറിയ ഭാഗം പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചത്.
