ഹിന്ദി സിനിമ ലോകത്തെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ സങ്കടത്തിലാക്കിയതായിരുന്നു സുശാന്ത് സിംഗിന്റെ മരണം. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഹിന്ദി സിനിമാ ലോകത്തെ സ്വജനപക്ഷപാതവും വേര്‍തിരിവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായി. ഇപ്പോഴിതാ സുശാന്ത് സിംഗ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ദില്‍ ബെചാര റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് അഹാന കൃഷ്‍ണകുമാറും മറ്റ് താരങ്ങളടക്കമുള്ള ആരാധകരും.

സുശാന്ത്, ദില്‍ ബെചാരയ്‍ക്കായി കാത്തിരിക്കാനാകുന്നില്ല. പക്ഷേ ഇത് നേരത്തെ വരേണ്ടിയിരുന്നുമില്ല. കാരണം എപ്പോഴും നിന്നെ സ്‍ക്രീനില്‍ കാണാനാണ് ഞാൻ ഇഷ്‍ടപ്പെടുന്നത്. ഇത് അവസാനത്തേതാണ് എന്ന് അറിഞ്ഞുകൊണ്ട് കാണുകയും വേണ്ട. സുശാന്ത് ഭാഗമായ ഒട്ടേറെ പ്രണയഗാനങ്ങളുണ്ട്. എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമയിലെ കോൻ തുജെ എന്ന ഗാനമാണ് എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ടത് എന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു. ദില്‍ ബെചാര ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്.  24ന് ആണ് റിലീസ്.  മുകേഷ് ഛബ്രയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  സുശാന്തിനോടുള്ള ആദരവും സ്‍നേഹവും പ്രകടിപ്പിക്കുന്നതിനായി സൗജന്യമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സഞ്‍ജനയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്.