കളങ്കാവല്‍ ഒടിടി സ്ട്രീമിംഗ് തിയതി എത്തി. സോണി ലിവിനാണ് ഒടിടി അവകാശം വിറ്റുപോയത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകന്‍ ആയിരുന്നു നായകന്‍.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളികൾക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച് മുന്നോട്ട് പോകുന്ന നടനാണ് മമ്മൂട്ടി. സമീപകാലത്ത് തന്നിലെ നടനെ എത്രത്തോളം തേച്ചുമിനുക്കാമോ അത്രത്തോളം ചെയ്ത്, ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ ഞെട്ടിക്കുന്ന അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് കളങ്കാവൽ. പ്രതിനായകനായ സ്റ്റാൻലി എന്ന വേഷത്തിൽ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. ഒരുപക്ഷേ മറ്റൊരു സൂപ്പർ താരവും ചെയ്യാത്ത വേഷം.
2025 ഡിസംബർ 5ന് ആയിരുന്നു കളങ്കാവൽ തിയറ്ററുകളിൽ എത്തിയത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ ആയിരുന്നു നായക വേഷം ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനിടെ പടം ഒടിടിയിൽ എത്താൻ പോവുകയാണ്. ജനുവരിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ വിവരം വന്നിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് തിയതിയും പുറത്തുവരികയാണ്. കളങ്കാവൽ ജനുവരി 16ന് സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത് ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച കളങ്കാവൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 80.4 കോടിയാണ് ആഗോളതലത്തിൽ കളങ്കാവൽ നേടിയിരിക്കുന്നത്. ഇന്ത്യ ഗ്രോസ് 35.75 കോടി, നെറ്റ് 42.15 കോടി, ഓവർസീസ് 38.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്കെന്ന് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.
ആദ്യദിനം 15.7 കോടി രൂപയായിരുന്നു ആഗോളതലത്തിൽ ചിത്രം നേടിയത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മാണ സംരംഭം കൂടിയായിരുന്നു കളങ്കാവല്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തില്‍ ഇരുപത്തി രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്.



