ഞായറാഴ്ച രാവിലെയാണ് സിനിമാ ചിത്രീകരണത്തിനിടെ അപകടം
സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ). ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് എസ് എം രാജുവിന്‍റെ മരണം. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് എസ് എം രാജുവിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നടന്‍ വിശാല്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അടക്കമുള്ളവര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ രാജു മരണപ്പെട്ടു എന്ന യാഥാര്‍ഥ്യം എനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. രാജുവിനെ വളരെ വര്‍ഷങ്ങളായി എനിക്ക് അറിയാം. എന്‍റെ സിനിമകളിലെ അപകടകരമായ പല ആക്ഷന്‍ രംഗങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറെ ധൈര്യശാലിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എന്‍റെ ആദരാഞ്ജലികള്‍. ഈ നഷ്ടത്തെ മറികടക്കാനുള്ള കരുത്ത് ദൈവം അദ്ദേഹത്തിന്‍റെ കുടുംബത്തിന് നല്‍കട്ടെ. ഈ ട്വീറ്റ് മാത്രമല്ല, ആ കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ ഉറപ്പായും ഉണ്ടാവും. അത് എന്‍റെ കര്‍ത്തവ്യമാണ്, വിശാല്‍ എക്സില്‍ കുറിച്ചു.
സിനിമകളില്‍ കാര്‍ ജമ്പിംഗ് നടത്തുന്ന സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളില്‍ പ്രമുഖനായിരുന്നു എസ് എം രാജുവെന്ന് സ്റ്റണ്ട് സില്‍വ അനുശോചന സന്ദേശത്തില്‍ കുറിച്ചു. ഞങ്ങളുടെ സംഘടനയും ഇന്ത്യന്‍ സിനിമാലോകവും അദ്ദേഹത്തെ മിസ് ചെയ്യും, സ്റ്റണ്ട് സില്‍വ കുറിച്ചു.
അതേസമയം സര്‍പട്ട പരമ്പരൈ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് പാ രഞ്ജിത്തും ആര്യയും ചേര്‍ന്ന് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം അടുത്ത വര്‍ഷമാവും തിയറ്ററുകളില്‍ എത്തുക.

