അടിയുടെ പൊടിപൂരവുമായി ക്ലൈമാക്സ് ഷൂട്ടിംഗ്, ആശുപത്രിയില്‍ ആര്‍ഡിഎക്സ് നായികയുടെ തകര്‍പ്പൻ ഡാൻസ്- വീഡിയോ
ആര്‍ഡിഎക്സ് നായിക ഐമയുടെ ഡാൻസ് വീഡിയോ പുറത്ത്.

അടിയുടെ പൊടിപൂരം തീര്‍ത്ത് വിജയിച്ച ചിത്രമാണ് ആര്‍ഡിഎക്സ്. ആക്ഷനായിരുന്നു ആര്‍ഡിഎക്സിന്റെ പ്രധാന പ്രത്യേകതയും. ക്ലൈമാസിലെ കടുത്ത ഫൈറ്റും ആകര്‍ഷണമായിരുന്നു. ഇപ്പോള്‍, ആര്‍ഡിഎക്സിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം സന്തോഷത്താല്‍ ഡാൻസ് ചെയ്യുന്ന നായിക ഐമ റോസ്‍മിയുടെയും മറ്റൊരു നടിയുടെയും വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
ആര്‍ഡിഎക്സിലെ നായകൻമാരില്‍ ഒരാളായ ഡോണിയുടെ ഭാര്യ സിമിയായിട്ടായിരുന്നു ഐമ റോസ്‍മി വേഷമിട്ടത്. വില്ലൻമാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുന്നുണ്ട് സിമിയും കുടുംബവും. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ക്ലൈമാക്സ് രംഗമായി ചിത്രീകരിച്ചിരിക്കുന്നത്. തലയ്‍ക്കൊക്കെ കെട്ടൊക്കെയെയിട്ടാണ് സിമി ആശുപത്രിയിലുള്ളത്. അവശതയിലുമാണ്. ഇപ്പോള്‍ ആടിത്തിമിര്‍ക്കുന്ന ഐമയുടെ വീഡിയോ കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകര്‍. ആശുപത്രിയിലെ ക്ലൈമാക്സ് ചിത്രീകരണത്തിന് ശേഷമെടുത്ത വീഡിയോ എന്ന തലക്കെട്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.
ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസുമാണ് ആര്‍ഡിഎക്സില്‍ നായകരായി എത്തിയത്. രണ്ടു കൂട്ടുകാരന്റെയും ഒരു സുഹൃത്തിന്റെയും കഥയായിരുന്നു ആര്‍ഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദർശ് സുകുമാരനും ഷബാസ് റഷീദുമാണ് തിരക്കഥ എഴുതിയത്.
അൻപറിവാണ് ആര്‍ഡിഎക്സിന്റെ കൂടുതല്‍ ആകര്‍ഷകമാക്കിയത്. ഓരോ നടനും ചേരുന്ന ആക്ഷൻ രംഗങ്ങളായിരുന്നു അൻപറിവിന്റെ കൊറിയോഗ്രാഫിയുടെ പ്രധാന പ്രത്യേകത. 'കെജിഎഫ്', 'വിക്രം, 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് മലയാളത്തിലെ ആര്‍ഡിഎക്സിലും വിസ്‍മയിപ്പിച്ചു. ആഗോളതലത്തില്‍ ആര്‍ഡിക്സ് നേടിയത് 80 കോടിയില്‍ അധികമാണ്. സംവിധായകൻ നഹാസ് ഹിദായത്തിന് ആദ്യ ചിത്രം മികച്ചതാക്കാനായി. ബാബു ആന്റണി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ മഹിമ നമ്പ്യാര്‍, മാല പാർവതി എന്നിവരും മികച്ച വേഷങ്ങളിലുണ്ടായിരുന്നു. സാം സി എസാണ് സംഗീതം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക