കജോളിന്റെ പുതിയ ചിത്രം 'മാ' ശൈതാൻ യൂണിവേഴ്സിലാണെങ്കിലും പുതിയ കഥയാണ് പറയുന്നത്. അജയ് ദേവ്ഗണും മാധവനും ചിത്രത്തിൽ അഭിനയിക്കുന്നില്ല. 

മുംബൈ: ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രമായ 'മാ' റിലീസിന് ഒരുങ്ങുകയാണ്. ചിത്രം 'ശൈതാൻ' എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സിലാണ് എന്ന് നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായ ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആർ. മാധവന്‍ ജ്യോതിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്.

മായില്‍ ക്യാമിയോ വേഷത്തിൽ ഇവരില്‍ ആരെങ്കിലും എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ശക്തമായിരുന്നു. എന്നാൽ, പിങ്ക്‌വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കജോൾ ഈ ഊഹാപോഹങ്ങൾക്ക് വ്യക്തത വരുത്തി. "അജയിയോ മാധവനോ 'മാ'യിൽ ക്യാമിയോ ചെയ്യുന്നില്ല. ആരാധകർക്ക് ഒരു പുതിയ കഥയും അനുഭവവും പ്രതീക്ഷിക്കാം" കജോൾ വ്യക്തമാക്കി.

'മാ' ഒരു മിത്തോളജിക്കൽ ഹൊറർ ചിത്രമാണ്. കജോളിന്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കും ഈ ചിത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്. 2024-ൽ അജയ് ദേവ്ഗൺ നായകനായ 'ശൈതാൻ' വൻ വിജയം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മായും എത്തുന്നത് എന്നതിനാല്‍ ഒരു ക്രോസ്ഓവർ ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്.

എന്നാൽ, കജോൾ ഈ സാധ്യതകൾ തള്ളിക്കളഞ്ഞു. "ഇത് ഒരു പുതിയ കഥയാണ്, 'ശൈതാന്‍റെ' കഥയുമായി ബന്ധമില്ല," കാജോള്‍ പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു. 'മാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു ഭയാനക ജീവിയുമായി കജോൾ നേർക്കുനേർ നിൽക്കുന്ന രംഗം ചിത്രത്തിന്റെ തീവ്രത വെളിപ്പെടുത്തിയിരുന്നു.

മിത്തോളജിയും ഹൊററും സമന്വയിപ്പിക്കുന്ന ഈ ചിത്രം, കജോളിന്റെ അഭിനയ മികവിന് വേദിയൊരുക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, 'മാ'യുടെ സീക്വൽ 'മാ റിട്ടേൺസ്' എന്ന പേര് പോലും ചർച്ചയായിട്ടുണ്ട്, എന്നാൽ ഇതിനെക്കുറിച്ച് കജോൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

"ഈ ചിത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു," കജോൾ പറഞ്ഞു. 'ഷൈതാൻ'ന്റെ വിജയത്തിന് ശേഷം, ഹൊറർ ഴോനറിൽ കജോളിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.