നിഷികാന്ത് കാമത്താണ് 2015ലെ ദൃശ്യം സംവിധാനം ചെയ്തത്. ദൃശ്യം 2ല്‍ അജയ് ദേവ്ഗണിനെ കൂടാതെ തബു, ഇഷിത ദത്ത, അക്ഷയ് ഖന്ന, രജത് കപൂർ, ശ്രിയ ശരൺ എന്നിവരും ഇതിൽ അഭിനയിക്കുന്നു. നവംബർ 18നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
മുംബൈ: 2015 ലാണ് ദൃശ്യം ചിത്രത്തിന്‍റെ റീമേക്ക് അജയ് ദേവഗണ്‍ ഹിന്ദിയില്‍ എടുത്തത്. ഇന്നുള്ളത് പോലെ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ഹിന്ദി ബെല്‍ട്ടില്‍ ജനപ്രിയമായി വരാത്ത കാലത്താണ് ഈ റീമേക്ക് ഹിന്ദിയിലും വന്‍ ഹിറ്റായത്. എന്നാല്‍ ദൃശ്യം 2 എത്തുമ്പോള്‍ കാര്യം ഇത്തരത്തില്‍ അല്ല. ഇപ്പോള്‍ തന്നെ മലയാളം ദൃശ്യം ഒടിടി പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. മാത്രമല്ല കൊവിഡ് കാലത്ത് ഇറങ്ങിയ ദൃശ്യം 2 അഖിലേന്ത്യ തലത്തില്‍ തന്നെ വന്‍ കാഴ്ചക്കാരെയാണ് ആകര്‍ഷിച്ചത്.
ഇതിനാല്‍ തന്നെ അജയ് ദേവഗണ്‍ ദൃശ്യം 2 രംഗത്ത് എത്തിക്കുമ്പോള്‍ എന്ത് പുതുതായി സ്ക്രീനില്‍ എത്തിക്കുന്നു എന്നത് വലിയ ചര്‍ച്ചയാണ് വിനോദ ലോകത്ത്. ഗോവയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ ഹിന്ദുസ്ഥാൻ ടൈംസിനോട് ഈ ചോദ്യത്തിന് മറുപടി നൽകുകയാണ് അജയ് ദേവ്ഗൺ. ദൃശ്യം 2-ൽ എന്താണ് പുതുമയെന്ന് താരം വിശദീകരിച്ചു.
“ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഈ പതിപ്പില്‍ വരുന്നുണ്ട്. ഒരുപാട് മാറ്റങ്ങൾ വരുത്തി. മലയാളം പതിപ്പില്‍ കമലേഷ് സാവന്ത് അവതരിപ്പിക്കുന്ന ഗൈതോണ്ടെയുടെ കഥാപാത്രത്തെ കാണാന്‍ പറ്റില്ല (മലയാളത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍), ഒപ്പം അക്ഷയുടെ കഥാപാത്രവും നിങ്ങൾ കാണില്ല. അതിനാൽ, ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പക്ഷേ സംവിധായകന്‍ പറഞ്ഞപോലെ സിനിമയുടെ സത്ത ചോരാതെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ സിനിമ കാണുമ്പോൾ, അത് നിങ്ങൾക്ക് വളരെ പുതുമയുള്ളതായിരിക്കും" - അജയ് ദേവഗണ്‍ പ്രതികരിച്ചു.
ദൃശ്യം 2 മലയാളം, തെലുങ്ക് പതിപ്പുകള്‍ ഇറങ്ങി കഴിഞ്ഞു. അതിനാല്‍ അതില്‍ ഉള്‍പ്പെടാത്ത നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു തിരക്കഥ ഉണ്ടാക്കിയെടുക്കാന്‍ തന്നെ മാസങ്ങളോളം ചെലവഴിച്ചതായി സംവിധായകൻ അഭിഷേക് പഥക് പറഞ്ഞു. “ഞങ്ങൾ ഏഴു മാസമെടുത്താണ് ഈ സിനിമയെഴുതിയത്. അതിനാൽ, മലയാളം, തെലുങ്ക് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി മാറ്റങ്ങളുണ്ട് ഇതില്‍ ”അദ്ദേഹം കൂട്ടിച്ചേർത്തു.
നിഷികാന്ത് കാമത്താണ് 2015ലെ ദൃശ്യം സംവിധാനം ചെയ്തത്. ദൃശ്യം 2ല്‍ അജയ് ദേവ്ഗണിനെ കൂടാതെ തബു, ഇഷിത ദത്ത, അക്ഷയ് ഖന്ന, രജത് കപൂർ, ശ്രിയ ശരൺ എന്നിവരും ഇതിൽ അഭിനയിക്കുന്നു. നവംബർ 18നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
തിങ്കളാഴ്‌ച ചിത്രത്തിന്റെ ട്രെയ്‌ലർ പനാജിയിൽ അവതരിപ്പിച്ചിരുന്നു. മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ അഭിനയിച്ച ദൃശ്യം 2 ന്റെ മലയാളം പതിപ്പ് 2021 ഫെബ്രുവരിയിൽ ഒടിടി പ്ലാറ്റ്ഫോമിലാണ് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013 ലെ അവരുടെ ചിത്രത്തിന്റെ തുടർച്ചയാണിത്.
ഹിന്ദി ജോർജ് കുട്ടിയും പൊലീസും നേർക്കുനേർ; 'ദൃശ്യം 2' ട്രെയിലർ എത്തി
