എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് നായകനാകുന്നു.

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. അതുകൊണ്ടുതന്നെ ധനുഷിന്റെ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ് നായകനാകുന്ന ഒരു സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. എച്ച് വിനോദും ധനുഷും ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അജിത്ത് നായകനാകുന്ന 'തുനിവ്' എന്ന ചിത്രമാണ് എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഇനി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. എച്ച് വിനോദ് തന്നെയാണ് അജിത്ത് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'തുനിവ്'. അജിത്തിന്റെ 'തുനിവി'ന് ശേഷം വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ധനുഷ് നായകനായി സെവൻ സ്‍ക്രീൻ സ്‍റ്റുഡിയോസ് നിര്‍മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രമാണ് ധനുഷിന്റേതായി നിലവില്‍ ചിത്രീകരണം നടക്കുന്നത്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക.

ധനുഷ് നായകനായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളിയായ സംയുക്ത മേനോനാണ് ധനുഷ് ചിത്രത്തില്‍ നായികയാകുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.

Read More: മകള്‍ ഐശ്വര്യക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്