അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് വിഡാ മുയര്‍ച്ചി.

തമിഴകത്തിന്റെ തല അജിത്തിന്റെ പുതിയ സിനിമ വിഡാ മുയര്‍ച്ചി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. പ്രതിസന്ധികള്‍ തരണം ചെയ്‍ത് അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അസര്‍ബെയ്‍ജാനില്‍ ഒക്ടോബറിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ചെന്നൈയില്‍ മടങ്ങിയെത്തിയ അജിത്തും സംഘവും ചിത്രം പൂര്‍ത്തീകരിക്കാനായി വീണ്ടും അസര്‍ബെയ്‍ജാനിലേക്ക് പോകുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇനി അസര്‍ബെയ്‍ജാനില്‍ ചിത്രീകരണം 70 ദിവസത്തോളമാണ് നടക്കുക എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. പല കാരണങ്ങളാല്‍ നീണ്ടുപോയ ഒരു ചിത്രമായതിനാല്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിന്റെ ഓരോ അപ്‍ഡേറ്റും പ്രേക്ഷകരെ ആവേശത്തിലാക്കുന്നതാണ്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രം തുനിവിന്റെ പ്രമേയം.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്.

Read More: 'ദുരിതം അകറ്റാൻ നമുക്ക് കൈകോര്‍ക്കാം', തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക