ഫുട്ബോളിനെ സംബന്ധിച്ചിടത്തോളവും അങ്ങനെയൊരു ഡിഗ്രിയുടെ ആവശ്യമുണ്ടോ എന്ന് അക്ബര്‍ ഖാൻ ചോദിക്കുന്നു.
ഫുട്ബോളിന്റെ എബിസിഡി പോലും അറിയാത്തവർ ലോകകപ്പ് ഫുട്ബോൾ തുടങ്ങിയപ്പോൾ സ്റ്റാറ്റസുകളും വീഡിയോകളുമായി പുങ്കത്തരം കാണിക്കുകയാണെന്ന വിമർശനവുമായി അവതാരകയും ബിഗ്ബോസ് മുൻ മൽസരാർഥിയുമായിരുന്ന ശാരിക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെസി ആരാ, റൊണാൾഡോ ആരാ എന്നു പോലും അറിയില്ലാത്തവരാണ് പലരുമെന്നും യഥാർത്ഥ ആരാധകർ വെറും മുപ്പതു ശതമാനമാണെങ്കിൽ ബാക്കി 70 ശതമാനം പേരും വെറുതേ ഷോ കാണിക്കുന്നവരാണെന്നും ശാരിക പറഞ്ഞിരുന്നു. പിന്നാലെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായകനും ബിഗ്ബോസിൽ ശാരികയുടെ സഹമൽസരാർത്ഥിയുമായിരുന്ന അഖ്ബർ ഖാൻ. ശാരികയോട് സൗഹൃദപരമായാണ് അഖ്ബറിന്റെ മറുപടി. ''ശാരികേച്ചിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടിയാണ് ഞാൻ പറയുന്നത്. മെസി ഏതു ടീമിനു വേണ്ടിയാണ് കളിക്കുന്നത്, റൊണാൾഡോ ഏതു ടീമിനു വേണ്ടിയാണ് കളിക്കുന്നത് എന്നൊക്കെ അറിയാത്ത ആളുകൾ ഉണ്ടാകും. അവർക്കൊക്കെ ഫുട്ബോൾ ഫാൻസ് ആയിക്കൂടാ എന്നുണ്ടോ? അവർ ആസ്വദിക്കട്ടെ. നാലു വർഷം കൂടുമ്പോൾ നടക്കുന്ന വലിയൊരു ഗെയിമല്ലേ. ഇത്രയും പ്രശ്നങ്ങൾക്കും ഡിപ്രഷനും ഒക്കെ ഇടയിൽ ഈ ലോകകപ്പൊക്കെ വരുമ്പോൾ നമ്മുടെ മനസ് ഒന്ന് ഫ്രീയാകുകയല്ലേ.
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പാട്ട് കേട്ടിട്ട് ഇഷ്ടമാകണം എന്നുണ്ടെങ്കിൽ ആ പാട്ട് പാടിയത് ആരാണെന്ന് അറിയണമെന്നോ അതിന്റെ സംഗീതസംവിധായകൻ ആരാണെന്നോ എഴുതിയത് ആരാണെന്നോ എന്നൊന്നും അറിയണമെന്നില്ല. പാട്ടു കേൾക്കുന്നു, ആസ്വദിക്കുന്നു. അത്രയേയുള്ളൂ. ഒരു സിനിമ കണ്ട് ഇഷ്ടപ്പെടണമെങ്കിൽ അതിൽ അഭിനയിച്ച എല്ലാവരെയും അറിയണമെന്നില്ല. ഫുട്ബോളിനെ സംബന്ധിച്ചിടത്തോളവും അങ്ങനെയൊരു ഡിഗ്രിയുടെ ആവശ്യമുണ്ടോ? എല്ലാ വലിയ ആരാധകരും ആദ്യം തുടക്കക്കാരായിരുന്നു. ഞാനൊരു ബ്രസിൽ ഫാനാണ്. പക്ഷേ, ബ്രസീൽ ടീമിലുള്ള എല്ലാവരുടെയും പേരു പറയാൻ ആവശ്യപ്പെട്ടാൽ ചിലപ്പോൾ എനിക്ക് സാധിച്ചെന്നു വരില്ല. ഫുട്ബോൾ എന്നു പറയുന്നത് കണക്ടട് ചെയ്യുന്ന ഗെയിമാണ്. അല്ലാതെ, റിയൽ ഫാൻസ്, ഫേക്ക് ഫാൻസ് എന്നൊന്നില്ല. ഈയൊരു ആവേശത്തിന്റെ ഭാഗമായി നിൽക്കാനായിരിക്കും ചിലർക്കിഷ്ടം. അവർ ആസ്വദിക്കട്ടെ. അതൊക്കെയല്ലേ രസം. ആളുകൾ ആസ്വദിക്കട്ടെ ശാരികേച്ചീ'', എന്നാണ് അക്ബർ ഖാൻ വീഡിയോയിൽ പറയുന്നത്.
