നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2 താണ്ഡവം' എന്ന ചിത്രത്തിന്റെ ട്രെയ്ലർ മലയാളത്തിലും
നന്ദമൂരി ബാലകൃഷ്ണയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2 താണ്ഡവം. ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ അഖണ്ഡയുടെ രണ്ടാം ഭാഗം ആണ് ഇത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ലോഞ്ച് വെള്ളിയാഴ്ച ആയിരുന്നു. തെലുങ്കില്‍ എത്തിയ ട്രെയ്ലര്‍ ഇതിനകം 1.7 കോടിയിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട്. പിന്നാലെ മറ്റ് നാല് ഭാഷകളിലും ഇതേ ട്രെയ്‍ലര്‍ അവതരിപ്പിച്ചിട്ടുണ്ട് നിര്‍മ്മാതാക്കള്‍. ഇക്കൂട്ടത്തില്‍ മലയാളവും ഉണ്ട്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെയും ചേര്‍ന്നതായിരിക്കും പുതിയ ചിത്രമെന്ന് അടിവരയിടുന്നതാണ് ഈ ട്രെയ്‍ലര്‍. 2.41 മിനിറ്റ് ആണ് ദൈര്‍ഘ്യം.
ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2: താണ്ഡവം. 14 റീൽസ് പ്ലസിന്‍റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ചിത്രത്തിലെ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തെത്തിയ ഗാനം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ബാലയ്യയും സംയുക്ത മേനോനും നിറഞ്ഞാടിയ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എസ് തമൻ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് ബ്രിജേഷ്, ശ്രേയ ഘോഷാൽ എന്നിവരാണ്. രചന, സംവിധാനം ബോയപതി ശ്രീനു, നിർമ്മാതാക്കൾ രാം അചന്ത, ഗോപി അചന്ത, ബാനർ 14 റീൽസ് പ്ലസ്, അവതരണം എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം തമൻ എസ്, എഡിറ്റർ തമ്മി രാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ കോട്ടി പരുചൂരി, കലാസംവിധാനം എ. എസ്. പ്രകാശ്, സംഘട്ടനം റാം- ലക്ഷ്മൺ. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.



