Asianet News MalayalamAsianet News Malayalam

ആദ്യ ചിത്രമെന്ന നിലയില്‍ എങ്ങനെ നോക്കിക്കാണുന്നു; നിത്യ മേനോനോടുള്ള ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി

നിത്യ മേനോനോടുള്ള ഒരു ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് അക്ഷയ് കുമാറായിരുന്നു.

Akhay Kumar speaks about Nithya Menon
Author
Mumbai, First Published Jul 23, 2019, 12:00 PM IST

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിത്യാ മേനോന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്.  വലിയൊരനുഭവമായിരുന്നു മിഷൻ മംഗളിന്റെ ചിത്രീകരണമെന്ന് നിത്യ മേനോൻ പറഞ്ഞിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.

ആദ്യ ചിത്രമെന്ന നിലയില്‍ ഈ ഭാഗ്യത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ നിത്യ മേനോനോട് ചോദിച്ചത്. ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞത് അക്ഷയ് കുമാറായിരുന്നു. അഭിനയത്തില്‍ ഇത് അവരുടെ ആദ്യ ചിത്രമല്ല. തമിഴ് അടക്കമുള്ള ഭാഷകളില്‍ അവര്‍ തിരക്കേറിയ നടിയാണ്. നിരവധി പുരസ്‍കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്- അക്ഷയ് കുമാര്‍ പറഞ്ഞു. എല്ലാവരിലും ചിരിപടര്‍ത്തിയ അക്ഷയ് കുമാര്‍ പിന്നീട് നിത്യ മേനോനോടു തന്നെ സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്‍തു. ഹിന്ദി സിനിമാലോകത്ത് ഇത് വലിയൊരു അനുഭവമായിരുന്നു. മിഷൻ മംഗള്‍ എന്റെ ആദ്യ ഹിന്ദി ചിത്രമായതില്‍ വലിയ സന്തോഷമുണ്ട്. എപ്പോഴും  നല്ല സിനിമകളില്‍ അഭിനയിക്കാനാണ് ആഗ്രഹിക്കുന്നത്. മിഷൻ മംഗളിന്റേത് നല്ല ടീം ആയിരുന്നുവെന്നായിരുന്നു നിത്യ മേനോൻ പറഞ്ഞത്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അക്ഷയ് സര്‍ ഞങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുമായിരുന്നു. ഊഷ്‍മളമായ ഒരു അനുഭവമായിരുന്നു ചിത്രീകരണം- നിത്യ മേനോൻ പറയുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.  വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവര്‍ ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്‍ത്രജ്ഞരായാണ് വേഷമിടുന്നത്. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അക്ഷയ് കുമാറിന്റെ കഥാപാത്രം എങ്ങനെയാണ് മറ്റ് പ്രതിഭാധനരായ ശാസ്‍ത്രജ്ഞരെ അതിലേക്ക് നയിക്കുന്നത് എന്നതുമാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.  ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറയുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

Follow Us:
Download App:
  • android
  • ios