ബിഗ് ബോസ് വിജയിയും സെലിബ്രിറ്റി സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ തൃക്കാക്കര തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തെ ഒരു വലിയ ബിഗ് ബോസ് ഹൗസിനോട് അഖില്‍ ഉപമിച്ചു.
അടുത്ത അഞ്ച് വർഷം ആരാണ് കേരളം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഖിൽ മാരാർ. തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ ബിഗ് ബോസിൽ ജയിച്ച് കയറിയത് പോലെ തൃക്കാക്കരയിലും താൻ ജയിക്കുമെന്ന പ്രതീക്ഷ അഖിൽ മാരാർ പങ്കുവച്ചത് ഏറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസുമായി ബന്ധപ്പെട്ട് തന്നെ അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"മെയ് 4ന് നോക്കിക്കോളൂ. എന്തായിരുന്നു ബിഗ് ബോസിന്റെ തുടക്കം. എന്തൊക്കെയാണ് എനിക്കെതിരെ നടത്തിയത്. ഈ ഭൂമിയിൽ സത്യത്തിനൊപ്പം ഈശ്വരൻ നിൽക്കുമെങ്കിൽ ബിഗ് ബോസ് ഹൗസ് പോലെ, കേരളം ഒരു ബിഗ് ബോസ് ഹൗസ് ആണെങ്കിൽ.. ബിഗ് ബോസിൽ സത്യം കാണുന്നത് പ്രേക്ഷകരായിരുന്നു. അവർ ആരാണ് ശരി എന്ന് കണ്ടെത്തും. കേരളമെന്ന ബിഗ് ബോസ് ഹൗസിന് പുറത്തിരുന്ന് ഈശ്വരൻ കാണുന്നുണ്ടെങ്കിൽ, കുറേ ആൾക്കാരിത് കാണുന്നുണ്ടെങ്കിൽ അവർക്കറിയാം അഖിൽ മാരാർ എന്താണ് ചെയ്തതെന്നും മറ്റുള്ളവർ എന്താ ചെയ്യുന്നതെന്നും. ഗെയിം ഷോ അല്ല എന്റെ പ്രവർത്തി. എന്റെ പ്രവർത്തിയെ വിലയിരുത്താൻ ശക്തികൾക്ക് കഴിയുമെങ്കിൽ മെയ് 4ന് ഞാൻ ജയിച്ചിരിക്കും", എന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. വെറൈറ്റി മീഡിയയോട് ആയിരുന്നു അഖിൽ മാരാരുടെ പ്രതികരണം.
"ഇതേ ആത്മവിശ്വാസത്തോടെ ഞാൻ പറയും, തൃക്കാക്കര അഖിൽ മാരാർക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കിൽ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരൻ എനിക്കായി തൃക്കാക്കരയിൽ പ്രവർത്തിക്കും. തൃക്കാക്കര മാറും", എന്ന് നേരത്തെ ബിഗ് ബോസ് വിന്നറായ വീഡിയോ പങ്കിട്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.



