യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്‍ത് അക്ഷയ് കുമാര്‍. ബിഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് അക്ഷയ് കുമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്‍പുത് കേസുമായി തന്‍റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്‍റെ ആരോപണം. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി. 

സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്‍റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 

അപകീര്‍ത്തി പ്രചരണം, മനപ്പൂര്‍വ്വമായ അപമാനിക്കല്‍ തുടങ്ങിയ ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം സിദ്ദിഖി മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. സുശാന്ത് സിംഗ് കേസില്‍ മുംബൈ പൊലീസ്, മഹാരാഷ്ട്ര സര്‍ക്കാര്‍, ആദിത്യ താക്കറെ, അക്ഷയ് കുമാര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു റാഷിദിന്‍റെ വീഡിയോകള്‍. ലക്ഷക്കണക്കിന് കാഴ്ചകളാണ് ഈ വീഡിയോകള്‍ക്ക് ലഭിച്ചത്.

മഹേന്ദ്രസിംഗ് ധോണിയുടെ ജീവചരിത്ര ചിത്രം 'എംഎസ് ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറി'യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്‍റെ യുട്യൂബ് ചാനലിലൂടെ ആരോപിച്ചിരുന്നു. 

സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ നിരവധിപേര്‍ ശ്രമിച്ചുവെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. "ജനങ്ങള്‍ക്ക് ഈ കേസിലുള്ള അതീവ താല്‍പര്യം മുതലെടുത്ത് അനേകംപേര്‍ ധനസമ്പാദനം നടത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ പലതരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ പല യുട്യൂബര്‍മാരും ഇതൊരു അവസരമായി കണ്ട് വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചു. മുംബൈ പൊലീസിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അവരില്‍ പലരും വലിയ തുകകള്‍ സമ്പാദിച്ചു", സീനിയര്‍ ഐപിഎസ് ഓഫീസര്‍ പറയുന്നു. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം സിദ്ദിഖി യുട്യൂബിലൂടെ ആറരലക്ഷം സമ്പാദിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.