കൊവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായതിനു ശേഷം പതിയെ സിനിമകളുടെ ചിത്രീകരണം ആരംഭിക്കുകയാണ് ബോളിവുഡ്. എന്നാല്‍ ഷൂട്ടിംഗിന് കര്‍ശന നിബന്ധനകള്‍ നിലവിലുള്ള ഇന്ത്യയിലല്ല ചിത്രീകരണം ആരംഭിച്ച സൂപ്പര്‍താര ബോളിവുഡ് ചിത്രങ്ങളൊന്നും തുടങ്ങിയിരിക്കുന്നത്. ആമിര്‍ ഖാന്‍ നായകനാവുന്ന ലാല്‍ സിംഗ് ഛദ്ദ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചത് തുര്‍ക്കിയില്‍ ആയിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം ലണ്ടനിലും ചിത്രീകരണം തുടങ്ങിയിരിക്കുന്നു.

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രം 'ബെല്‍ ബോട്ട'ത്തിന്‍റെ ചിത്രീകരണമാണ് ലണ്ടനില്‍ ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ ക്ലാപ്പ് ബോര്‍ഡ് പിടിച്ചുകൊണ്ടുള്ള ഒരു ചെറു വീഡിയോയോടു കൂടിയാണ് അക്ഷയ് കുമാറിന്‍റെ പോസ്റ്റ്. ലൈറ്റ്സ്, ക്യാമറ, മാക്സ് ഓണ്‍ ആന്‍ഡ് ആക്ഷന്‍ എന്നാണ് അദ്ദേഹം പറയുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ ബോട്ടമെന്ന് അറിയുന്നു. വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം അക്ഷയ് കുമാറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ലക്ഷ്‍മി ബോംബ് ആണ്. രാഘവ ലോറന്‍സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക.