കളര്‍ യെല്ലോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആനന്ദ് എല്‍ റായ്‍യും കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ് നിര്‍മ്മാണം

ഇന്ത്യയുടെ ആദ്യ സേനാ മെഡലിനും അതിവിശിഷ്‍ട് സേവാ മെഡലിനും അര്‍ഹനായ മേജര്‍ ജനറല്‍ ഇയാന്‍ കര്‍ഡോസോയുടെ (Major General Ian Cardozo) ജീവിതം ബിഗ് സ്ക്രീനിലേക്ക്. സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍ (Sanjay Puran Singh Chauhan) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജര്‍ ജനറല്‍ കര്‍ഡോസോയെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാര്‍ (Akshay Kumar) ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കിനൊപ്പമാണ് പ്രഖ്യാപനം നടന്നത്. ഗൂര്‍ഖ (Gorkha) എന്നാണ് ചിത്രത്തിന്‍റെ പേര്,

കളര്‍ യെല്ലോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആനന്ദ് എല്‍ റായ്‍യും കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ് നിര്‍മ്മാണം. ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റെജിമെന്‍റിലെ (ഗൂര്‍ഖ റൈഫിള്‍സ് 5) ഓഫീസര്‍ ആയിരുന്നു ഇയാന്‍ കര്‍ഡോസോ. 1962, 1965, 1971 യുദ്ധങ്ങളില്‍ വീരോചിതമായി നായകത്വം വഹിച്ച ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. 

Scroll to load tweet…

സംവിധാനം ചെയ്‍ത രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‍കാരം ലഭിച്ച സംവിധായകനാണ് സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍. ലാഹോറിന് (2009) നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനും ബഹത്തര്‍ ഹൂറെയ്‍നിന് (2021) മികച്ച സംവിധാനത്തിനുമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആനന്ദ് എല്‍ റായ്‍യും അക്ഷയ് കുമാറും മൂന്നാമതായി ഒന്നിക്കുന്ന ചിത്രവുമാണിത്. ആനന്ദ് സംവിധാനം ചെയ്യുന്ന അത്‍രംഗി രേ, രക്ഷാബന്ധന്‍ എന്നീ ചിത്രങ്ങളില്‍ അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.