1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ 60 ശതമാനം ഇതിനകം പൂര്‍ത്തിയാക്കിയതായി അലി അക്ബര്‍. ക്രൗഡ് ഫണ്ടിംഗ് വഴി ഇതുവരെ ലഭിച്ച തുക വെളിപ്പെടുത്തുന്ന അലി അക്ബര്‍ ചിത്രം പൂര്‍ത്തിയാക്കാനുള്ള സാമ്പത്തിക ആവശ്യത്തെക്കുറിച്ചും പറയുന്നു.

"മമധർമ്മയ്ക്ക് ഇതുവരെ പൊതുജനം നൽകിയത് 1,17,42,859 രൂപയാണ്. ആയതിൽ നിന്നും,ചലച്ചിത്രത്തിന്‍റെ 60 ശതമാനം ചിത്രീകരിച്ചു കഴിഞ്ഞു. ആയതിലേക്കുള്ള ചിലവ് കഴിച്ച് നമ്മുടെ കൈവശം 8-4-21ന് മിച്ചമുള്ളത് 30,76,530 രൂപയാണ്. കൃത്യമായും പ്രതിമാസം കണക്കുകൾ സമർപ്പിക്കപ്പെടുന്നുണ്ട്. 90 ശതമാനം തുകയും ബാങ്ക് അക്കൗണ്ടിലൂടെയാണ് നൽകുന്നത്. രണ്ടാമത്തെ ഷെഡ്യൂൾ മെയ് ആദ്യവാരം ആരംഭിക്കാൻ തീരുമാനിച്ചിരിക്കയാണ്. ആയതിലേക്കുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഷൂട്ട് ചെയ്തിടത്തോളം എഡിറ്റ്‌ ചെയ്തു തൃപ്തിയുണ്ട്. ഒരിക്കൽക്കൂടി ഞാന്‍ അഭ്യർത്ഥിക്കുന്നു, ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം", ഫേസ്ബുക്ക് കുറിപ്പിലൂടെ അലി അക്ബര്‍ ആവശ്യപ്പെടുന്നു.

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ ഈ വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.