Asianet News MalayalamAsianet News Malayalam

1921 പശ്ചാത്തലമാക്കുന്ന സിനിമ; ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ച തുക വെളിപ്പെടുത്തി അലി അക്ബര്‍

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്

ali akbar reveals the amount he got from crowd funding
Author
Thiruvananthapuram, First Published Oct 9, 2020, 8:38 PM IST

1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ പ്രഖ്യാപിച്ച സിനിമയ്ക്ക് മൂലധനം കണ്ടെത്താനായി സംവിധായകന്‍ അലി അക്ബര്‍ ആശ്രയിച്ചത് ക്രൗഡ് ഫണ്ടിംഗ് ആയിരുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പലതവണ അദ്ദേഹം ഇതുസംബന്ധമായി ക്യാംപെയ്‍നും നടത്തിയിരുന്നു. എന്നാല്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ കാന്‍വാസില്‍ ഒരു സിനിമ സാധ്യമാവില്ലെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ ക്രൗഡ് ഫണ്ടിംഗിലൂടെ ഇതുവരെ ലഭിച്ച തുക പരസ്യപ്പെടുത്തിയിരിക്കുകയാണ് അലി അക്ബര്‍.

85.7 ലക്ഷം (85,74,607) രൂപയാണ് അക്കൗണ്ടിലേക്ക് ഇതുവരെ വന്നിട്ടുള്ളതെന്ന് അലി അക്ബര്‍ പറയുന്നു. സിനിമയെക്കുറിച്ച് വിശദീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് തുകയും വെളിപ്പെടുത്തിയിരിക്കുന്നത്. 

മലബാര്‍ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios