മുംബൈ: കൊവിഡ് 19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ആരും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശവും ഭരണകൂടങ്ങൾ നൽകിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണം നല്‍കി മാതൃകയാവുകയാണ് ബോളിവുഡ് നടന്‍ അലി ഫസല്‍. 

ബാറ്റ്മാനെ പോലെ മുഖം മൂടി ധരിച്ച് കറുത്ത മാസ്‌ക്ക് അണിഞ്ഞാണ് താരം ഭക്ഷണം കൊടുക്കാനായി എത്തിയത്. അഞ്ചാം നമ്പര്‍ പെട്രോള്‍ പമ്പിനടുത്ത് ഭക്ഷണം ആവശ്യമുണ്ട്, വേറെയാരെങ്കിലും അവിടെയുണ്ടോ? ചെറുത് വലുത് എന്നില്ല, എല്ലാം ചെയ്യുക എന്നാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. 

‘വിജയ്പത്’ എന്ന ചിത്രത്തിലെ ഗാനം വച്ച് പാടിക്കൊണ്ട് കാറില്‍ പോകുന്ന വീഡിയോയും പോസ്റ്റിനൊപ്പം അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

ദൈവം നിങ്ങളെ രക്ഷിക്കും, നല്ല കാര്യം, സുരക്ഷിതനായിരിക്കുക എന്നിങ്ങനെയുള്ള കമൻഡുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.